തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനും സി.പി.എമ്മും രണ്ട് തട്ടില്‍. അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വി.എസിന്റെ നിലപാടിന് പാര്‍ട്ടിയുടെ പേരില്‍ തിരുത്തു നല്‍കി ലക്ഷ്മി നായരെ രക്ഷിക്കുന്ന നിലപാടാണ് സമരക്കാരായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ ഉന്നയിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പലുടെ രാജി ആവശ്യം മാത്രമാണ് സമരത്തിന്റെ കാതലെന്നും കോടിയേരി പറഞ്ഞു. വിദ്യാര്‍ത്ഥി സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വകാര്യ കോളേജെന്ന് ലക്ഷ്മി നായര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്ന ലോ കോളേജ് ഭൂമി സര്‍ക്കാരില്‍ നിന്ന് സ്വന്തമാക്കിയതാണെന്നതിന് രേഖകളുണ്ട്. ഭൂമി കൈമാറ്റത്തില്‍ അവ്യക്തതയുണ്ടെന്നും ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് സി.പി.എം ലക്ഷ്മി നായരുടെ രക്ഷക്കെത്തിയിരിക്കുന്നത്. സമരപ്പന്തല്‍ സന്ദര്‍ശിച്ച കോടിയേരി വിദ്യാര്‍ത്ഥികളുടെ സമരം പ്രിന്‍സിപ്പലിനെ മാറ്റുന്നതിനു വേണ്ടി മാത്രമുള്ളതായി ചുരുക്കി നിലപാടെടുക്കുകയായിരുന്നു.  നേരത്തെ ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിലപാടെടുത്തതോടെ വിദ്യാര്‍ത്ഥികളും സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

വി.എസിന്റെ അഭിപ്രായം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു കോടിയേരിയുടെ മറുപടി. സമരം രാഷ്രീയ വല്‍ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സമരപ്പന്തല്‍ സന്ദര്‍ശിച്ച വി.എസ് അക്കാദമി അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. വിഷയത്തില്‍ ഇടപെടാത്ത സര്‍ക്കാര്‍ സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ ലക്ഷ്മിനായര്‍ക്കെതിരെ നടപടിക്ക് സിന്‍ഡിക്കേറ്റ് ഉപസമിതി ശിപാര്‍ശ ചെയ്തു. വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നേരത്തെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ നടപടിയെടുക്കൂവെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയിരുന്നത്.