ഹൈദരാബാദ്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രസംഗിക്കുകയും അതിനു വേണ്ടി ആവശ്യപ്പെടുയും ചെയ്യുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്.
ബാബരി കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കോടതിയലക്ഷ്യമാണെന്നും കോടതിയും സര്‍ക്കാറും നടപടിയെടുക്കണമെന്നും ബോര്‍ഡ് വക്താവ് മൗലാന സജാദ് നൊമാനി പറഞ്ഞു.
സുപ്രീം കോടതിയില്‍ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തങ്ങളുടെ ഭാഗം വാദിക്കും. കോടതിയുടെ വിധി അംഗീകരിക്കും. ഹൈദരാബാദില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ബോര്‍ഡിന്റെ ത്രിദിന പ്ലീനറിയില്‍ ബാബരി കേസ് വിശദമായി ചര്‍ച്ച ചെയ്യും. ബാബരി പള്ളി മറ്റൊരു സ്ഥലത്ത് നിര്‍മിക്കുക എന്ന നിര്‍ദേശം ബോര്‍ഡിനു മുമ്പാകെ ആരും വെച്ചിട്ടില്ലെന്നും മൗലാന നൊമാനി പറഞ്ഞു. പള്ളി തകര്‍ത്ത സ്ഥലം രാമക്ഷേത്രത്തിനായി വിട്ടു കൊടുക്കണമെന്നും പള്ളി മറ്റൊരിടത്ത് നിര്‍മിക്കണമെന്നും ഷിയാ വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നു. അടുത്ത വാദംകേള്‍ക്കല്‍ മാര്‍ച്ച് 14-ലേക്ക് മാറ്റിവെച്ചു. പ്ലീനറി യോഗത്തില്‍, ബാബരി കേസിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് അഭിഭാഷകര്‍ വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Be the first to write a comment.