ഹൈദരാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലയറുക്കണമെന്ന വിവാദ പ്രസ്താവനയുമായി തെലങ്കാന ബി.ജെ.പി എം.എല്‍.എ രാജ സിങ്. ഫേസ്ബുക്കില്‍ അപ്്‌ലോഡ് ചെയ്ത വീഡിയോവിലാണ് സിങിന്റെ വെല്ലുവിളി. ‘രാമക്ഷേത്രം നിര്‍മിച്ചാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നവരോട്, നിങ്ങളെ തലയറുക്കാന്‍ ഞങ്ങള്‍ക്കു കഴിയും എന്നു പറയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്’ – എന്നാണ് തെലുങ്കാനയിലെ ബി.ജെ.പി ചീഫ് വിപ്പു കൂടിയായ സിങിന്റെ വാക്കുകള്‍. സിങിന്റെതായി പ്രചരിക്കുന്ന മറ്റൊരു വീഡിയോവില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ രാജ്യത്തുടനീളം അതു പ്രശ്‌നങ്ങള്‍ക്കു വഴിവെക്കും എന്ന എ.ഐ.എം.ഐ.എം നേതാക്കളുടെ പ്രസ്താവന അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

‘രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ? അങ്ങനെ ആര്‍ക്കെങ്കിലും ധൈര്യമുണ്ടെങ്കില്‍ അവരെ തല ഞാനറുക്കും’ – അദ്ദേഹം ആക്രോശിച്ചു.
പരാമര്‍ശത്തെ അദ്ദേഹം പിന്നീട് ന്യായീകരിച്ചു. രാമക്ഷേത്ര നിര്‍മാണത്തിന് തങ്ങള്‍ ജീവന്‍ നല്‍കുമെന്നും വേണമെങ്കില്‍ മറ്റുള്ളവരുടെ ജീവനെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പ്രകോപനപരമായ പ്രസ്താവനയുമായി ബി.ജെ.പി ജനപ്രതിനിധി രംഗത്തുവരുന്നത്.