ന്യൂഡല്‍ഹി: ശ്രീനഗറിനു പുറമെ മധ്യപ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും സംഘര്‍ഷം. മോക് പോളിങിനിടെ വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നതായി ആരോപണമുയര്‍ന്ന മധ്യപ്രദേശിലെ ബിന്ദില്‍ പലയിടങ്ങളിലും ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു നിയമസഭാ മണ്ഡലമായ ബാന്ധവ്ഗഡില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പുണ്ടായി. ബൂത്ത് പിടിക്കാന്‍ ശ്രമം നടന്നതിനെതുടര്‍ന്നാണ്‌സുരക്ഷാഡ്യൂട്ടിക്കായി നിയോഗിച്ച പ്രത്യേക സായുധ സേനക്ക് (എസ്.എ.എഫ്) വെടിവെപ്പ് നടത്തേണ്ടി വന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. 34 ശതമാനം പോളിങ് രേഖപ്പെടുത്തിയ ശേഷം ഉച്ചക്ക് ഒരു മണിയോടെയാണ് ബൂത്ത് പിടിക്കാന്‍ ശ്രമമുണ്ടായത്. ഗോവര്‍കലയിലെ 172 ാം നമ്പര്‍ ബൂത്ത് കൈയേറാനാണ് ശ്രമം നടന്നത്. പോളിങ് ബൂത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായതെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ സലിന സിങ് പറഞ്ഞു. ബാന്ധവ് ഗഡിലെ അട്ടേറില്‍ ബൂത്ത് കൈയേറിയെന്ന വാര്‍ത്തകള്‍ അവര്‍ നിഷേധിച്ചു. അതേസമയം മണ്ഡലത്തിലെ സന്‍ക്രി വില്ലേജില്‍ ബി.ജെ.പി- കോണ്‍ഗ്രസ് സംഘര്‍ഷത്തെതുടര്‍ന്നും സുരക്ഷാ സേന വെടിവെപ്പ് നടത്തി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കിയതായി സലിന സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ബി.ജെ.പിയാണ് സംഘര്‍ഷത്തിനു പിന്നിലെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവിന്റെ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചതാണ് സംഘര്‍ഷം ഉടലെടുത്തത്.
മധ്യപ്രദേശിനു പുറമെ കര്‍ണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സഹകരണ മന്ത്രി മഹാദേവ പ്രസാദിന്റെ മരണത്തെതുടര്‍ന്നാണ് ഗുണ്ടല്‍പേട്ട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി ശ്രീനിവാസ പ്രസാദ് രാജിവെച്ച ഒഴിവിലായിരുന്നു നഞ്ചന്‍ഗോഡ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്.