ഡല്‍ഹി: പതഞ്ജലിയുടെ കോവിഡ് പ്രതിരോധ മരുന്ന് കൊറോണിലിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാര്‍ നടപടി രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്നും അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡിനെതിരെ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതജ്ഞലി കൊറോണില്‍ പുറത്തിറക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

‘ രോഗപ്രതിരോധത്തിന് കൊറോണില്‍ ഫലപ്രദമാണ് എങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ വാക്സിനേഷനായി 35000 കോടി രൂപ ചെലവഴിക്കുന്നത്? മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം ഒരു ആധുനിക ഡോക്ടര്‍ക്കും ഈ മരുന്ന് പ്രോത്സാഹിപ്പിക്കാനാകില്ല’ – അസോസിയേഷന്‍ വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെ, വിഷയത്തില്‍ ഐഎംഎ ആരോഗ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യസംഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് കോവിഡ് ചികിത്സയില്‍ കോറോണില്‍ ടാബ്ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു.