ന്യൂഡല്‍ഹി: ബാബരി മസ്ജിദ്- രാമ ജന്മഭൂമി അവകാശ തര്‍ക്ക കേസിലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

കേസില്‍ അടിയന്തര വാദം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാനുള്ള സ്വാമിയുടെ അവകാശത്തെ കോടതി ചോദ്യം ചെയ്തു. കേസില്‍ നിങ്ങള്‍ കക്ഷിയല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നെ എങ്ങനെയാണ് ഹര്‍ജി നല്‍കുകയെന്നും കോടതി ചോദിച്ചു. കേസ് അടിയന്തരമായി പരിഗണിക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ കോടതിക്ക് സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസ് അടിയന്തരമായി തീര്‍പ്പു കല്‍പ്പിക്കണമെന്നും വാദം തുടങ്ങുന്നതിനുള്ള തിയതി നിശ്ചയിക്കണമെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം.
നേരത്തെ കേസ് പരിഗണിക്കവെ, കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇരു വിഭാഗത്തിനും സ്വീകാര്യനായ മധ്യസ്ഥനെ കണ്ടെത്തണമെന്നും ആവശ്യമെങ്കില്‍ താനും മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറിന്റെ നിര്‍ദേശം. ഇന്നലെ കേസ് പരിഗണിക്കവെ നിര്‍ദേശം സമര്‍പ്പിക്കാനും കോടതി സുബ്രഹ്മണ്യന്‍ സ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ നിയമപരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിനു പകരം മധ്യസ്ഥതക്ക് നിര്‍ദേശിച്ച് പരമോന്നത നീതിപീഠം തന്നെ രംഗത്തെത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കേസ് പരിഗണിക്കവെ കോടതി സുബ്രഹ്മണ്യന്‍ സ്വാമിയെ തള്ളിപ്പറഞ്ഞത്. കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമി കക്ഷിയല്ലെന്ന കോടതിയുടെ നിരീക്ഷണം ഭാവിയില്‍ അദ്ദേഹത്തിന് ഇതേ വിഷയത്തില്‍ കോടതിയെ സമീപിക്കുന്നതിനും തടസ്സമായേക്കും.
അതേസമയം സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. ” അയോധ്യ തര്‍ക്ക കേസില്‍ താങ്കള്‍ കക്ഷിയാണോ എന്നാണ് സുപ്രീംകോടതി ഇന്ന് തന്നോട് ചോദിച്ചിരിക്കുന്നത്. വിശ്വാസവും ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതിന് പൗരന് മൗലികമായ അവകാശമുണ്ടെന്നാണ് തനിക്ക് പറയാനുള്ളത്. ജഡ്ജുമാര്‍ പറഞ്ഞത് അവര്‍ക്ക് സമയമില്ലെന്നും കേസ് മാറ്റിവെക്കുന്നുവെന്നുമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവര്‍ വിജയിച്ചിരിക്കുന്നു. മറ്റൊരു വഴിയിലൂടെ താന്‍ ഉടന്‍തന്നെ വീണ്ടും ശ്രമിക്കും” – സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.
ബാബരി മസ്ജിദ് നിലകൊള്ളുന്ന 2.77 ഏക്കര്‍ വരുന്ന ഭൂമി മൂന്നായി വിഭജിക്കാനും സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ(സന്യാസി സഭ), രാം ലല്ല എന്നിവക്ക് തുല്യമായി വീതിക്കാനുമായിരുന്നു 2010ലെ അലഹാബാദ് ഹൈക്കോടതി വിധി. സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു.