X

ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പിന്തുണ കൂടിയെന്ന് വിന്‍സെന്റ് എം എല്‍ എ

കോവളം കൊട്ടാരത്തിന്റെ കൈമാറ്റം നടക്കുന്ന സമയത്ത് അവിടുത്തെ പ്രാദേശിക എംഎല്‍എ അവിടെ ഉണ്ടാകരുതെന്ന് സിപിഐഎം പ്രാദേശിക, ജില്ലാ നേതൃത്വത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതാണ് തന്റെ അറസ്റ്റില്‍ കലാശിച്ചതെന്ന് എം വിന്‍സെന്റ് എം എല്‍ എ. ഒരു സ്ത്രീയുടെയും അന്തസ് ഇടിച്ചുതാഴ്ത്തുന്ന രീതിയില്‍ താന്‍ സംസാരിച്ചിട്ടില്ലെന്നും കോവളം എംഎല്‍എ എം. വിന്‍സെന്റ് വ്യക്തമാക്കി. തനിക്കെതിരെയുള്ള പീഡനക്കേസ് ഒരു ട്രാപ്പായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.

താന്‍ കൊടുത്ത പരാതിയുടെ പേരില്‍ ഇതുവരെ മൊഴിയെടുക്കാത്ത പോലീസ് അറസ്റ്റിനു ശേ്ഷമാണ് പല തെളിവുകളും ഉണ്ടാക്കാന്‍ ശ്രമിച്ചത്. തന്നെ വേട്ടയാടിയ മാധ്യമങ്ങളടക്കം ഒരാളും അവര്‍ എന്നെ എത്ര കോളുകള്‍ വിളിച്ചെന്ന് അന്വേഷിച്ചിട്ടില്ലെന്നും എം എല്‍ എ പരിഭവപ്പെട്ടു.പരാതിക്കാരിയായ സ്ത്രീയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 900 കോളുകള്‍ തന്റെ മൊബൈലില്‍ നിന്നും പോയെന്നാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് 124 കോളുകളാണ് അവരെ താന്‍ വിളിച്ചിട്ടുളളതെന്നും അതിന്റെ ഡീറ്റെയില്‍സ് മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നും വിന്‍സെന്റ് വ്യക്തമാക്കി.

34 ദിവസത്തെ ജയില്‍വാസത്തിനിടയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് തന്നെ കാണാനായി ജയിലില്‍ എത്തിയത്. രാഷ്ട്രീയക്കാര്‍, പുരോഹിതന്മാര്‍, സാംസ്‌കാരിക രംഗത്തെ ആളുകള്‍, സിനിമാ താരങ്ങള്‍ എന്നിങ്ങനെ നിരവധി പേരാണ് ജയിലില്‍ കാണാനെത്തിയത്. ജയിലില്‍ നിന്നും ഇറങ്ങിയശേഷം നല്ല ജനപിന്തുണയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്ന സ്വീകരണമാണ് ഇപ്പോള്‍ പലയിടങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

chandrika: