തിരുവനന്തപുരം: കാറപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബോധം തെളിഞ്ഞു. ഭര്‍ത്താവും മകള്‍ തേജസ്വിനിയും മരിച്ച വിവരം ലക്ഷ്മിയെ അമ്മ അറിയിക്കുകയായിരുന്നു. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ലക്ഷ്മി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷ്മിയുടെ ആരോഗ്യ അവസ്ഥയില്‍ നേരിയ പുരോഗതിയുണ്ട്.

ലക്ഷ്മിയുടെ ചെവിയില്‍ അമ്മയാണ് മരണവിവരം അറിയിച്ചത്. എന്നാല്‍ ലക്ഷ്മി ഒരു തുള്ളി കണ്ണീര്‍പോലും പൊഴിച്ചില്ല. നിര്‍വികാരമായാണ് ലക്ഷ്മിയെ കണ്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെന്റിലേറ്ററില്‍ നിന്നും മാറ്റിയ ലക്ഷ്മി ഐ.സി.യുവില്‍ കഴിയുകയാണ്. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ലക്ഷ്മിയിപ്പോള്‍ കഴിക്കുന്നത്.

അപകടത്തെ തുടര്‍ന്ന് ലക്ഷ്മിയുടെ ആന്തരിക അവയവങ്ങള്‍ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്. ബോധം പൂര്‍ണമായും തെളിഞ്ഞതായും വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അടുത്തയാഴ്ചയോടെ വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ടാഴ്ച്ച മുമ്പുണ്ടായ വാഹനാപകടത്തില്‍ മകള്‍ ജേതസ്വിനി ബാല സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. ചികിത്സിലിരിക്കെയാണ് ബാലഭാസ്‌ക്കറിന്റെ വിയോഗം. ഈ സമയത്തും അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. വാഹനമോടിച്ചിരുന്ന സുഹൃത്തായ അര്‍ജ്ജുന്‍ ചികിത്സയിലാണ്.