കൊച്ചി: കണ്ണൂര്‍-കുറ്റിപ്പുറം റോഡില്‍ 13 മദ്യശാലകള്‍ പൂട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവ ഏതെല്ലാമെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ചേര്‍ത്തല-കഴക്കൂട്ടം ഭാഗത്ത് മദ്യശാലകള്‍ തുറന്നിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-കഴക്കൂട്ടം എന്നിവ ദേശീയപാത തന്നെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല. തെറ്റു തിരിച്ചറിഞ്ഞ് തിരുത്തിയെന്നും ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടിയതായും സര്‍ക്കാര്‍ പറഞ്ഞു. കേസ് 14ന് വീണ്ടും പരിഗണിക്കും. ബാര്‍ തുറക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ 14ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാതയോരത്തെ മദ്യശാലകള്‍ തുറന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഒരു മദ്യശാലയും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.