മയാമി: സ്പാനിഷ് ജയന്റുകളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരം അമേരിക്കയിലെ മയാമിയില്‍ നടക്കും. ജൂലൈയില്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലായിരിക്കും ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക. ഇതാദ്യമായാണ് എല്‍ ക്ലാസിക്കോ അമേരിക്കയില്‍ നടക്കുന്നത്. അമേരിക്കന്‍ എന്‍.എഫ്.എല്‍ ടീം മയാമി ഡോള്‍ഫിന്‍സിന്റെ ഹോം ഗ്രൗണ്ടായ ഹാര്‍ഡ് റോക് സ്‌റ്റേഡിയത്തില്‍ ജൂലൈ 29നായിരിക്കും മത്സരം. സ്‌പെയിനിന് പുറത്ത് ബാഴ്‌സയും റയലും തമ്മില്‍ ഒരേ ഒരു തവണ മാത്രമാണ് മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത്. 1982ല്‍ വെനസ്വലയില്‍ നടന്ന മത്സരത്തില്‍ വിന്‍സന്റ് ഡെല്‍ബോസ്‌കിന്റെ ഏക ഗോളിന്റെ ആനുകൂല്യത്തില്‍ റയലാണ് വിജയിച്ചത്.