മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ-പിഎസ്ജി രണ്ടാം പാദ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ യുവേഫയുടെ അന്വേഷണം. ജര്‍മ്മന്‍ റഫറി ഡെന്നിസ് അയിറ്റേക്കനെതിരെയാണ് യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ലോകപ്രശസ്ത റഫറി പിയര്‍ ലൂജി കൊളീനയെയാണ് ഇക്കാര്യം അന്വേഷിക്കാന്‍ യുവേഫ ചുമതലപ്പെടുത്തിയിരിക്കുന്നത്. മത്സരത്തില്‍ ബാഴ്‌സക്കായി ജര്‍മന്‍ റഫറി അനുവദിച്ച രണ്ടു പെനാല്‍റ്റികളും നിയമ വിരുദ്ധമായിരുന്നെന്നാണ് പ്രധാന ആരോപണം. കൂടാതെ പിഎസ്ജിയുടെ അവസരങ്ങള്‍ തടയുന്നവിധം സ്ഥിരമായി ഓഫ് സൈഡ് വിളിച്ചെന്നും ബാഴ്‌സയ്ക്ക് അനുകൂലമായിരുന്നു റഫറിയുടെ കളിക്കളത്തിലെ പെരുമാറ്റമെന്നും ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യമെല്ലാം കൊളീന വിശദമായി അന്വേഷിക്കും. ഈ ആരോപണങ്ങള്‍ അന്വേഷണ കമ്മീഷന്‍ ശരിവെക്കുകയാണെങ്കില്‍ ജര്‍മന്‍ റഫറിയെ കാത്തിരിക്കുന്നത് കടുത്ത അച്ചടക്ക നടപടിയായിരിക്കും. ഒരു പക്ഷെ അദ്ദേഹത്തിന്റെ റഫറിയിങ് കരിയറിന് തന്നെ അവസാനമാകുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം അന്വേഷണ റിപ്പോര്‍ട്ട് എന്തു തന്നെയായാലും മത്സരഫലത്തില്‍ മാറ്റമുണ്ടാകില്ല. ബാഴ്‌സലോണ തന്നെ ചാമ്പ്യന്‍ ലീഗ് ക്വാര്‍ട്ടര്‍ കളിക്കും. ബാഴ്‌സ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയെ 6-1നാണ് തോല്‍പിച്ചത്.
Be the first to write a comment.