kerala

ഐഒഎസ് 26 അപ്‌ഡേറ്റിന് പിന്നാലെ ബാറ്ററി ചോര്‍ച്ച; ഉപയോക്താക്കളുടെ പരാതി

By webdesk17

September 17, 2025

വാഷിങ്ടണ്‍: ഏറെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ആപ്പിളിന്റെ ഐഒഎസ് 26 അപ്‌ഡേറ്റ് ഇപ്പോള്‍ വിവാദത്തില്‍. പുത്തന്‍ ഫീച്ചറുകളുമായി എത്തിയ അപ്‌ഡേറ്റ് ഉപയോക്താക്കളുടെ നിരാശയ്ക്ക് കാരണമായിരിക്കുന്നു.

അപ്‌ഡേറ്റ് ചെയ്തതിന് പിന്നാലെ ബാറ്ററി വേഗത്തില്‍ തീരുന്നതായി നിരവധി പേര്‍ പരാതിപ്പെടുകയാണ്. ’58 മിനിറ്റ് മുമ്പ് ഫോണിന് ഫുള്‍ ചാര്‍ജ് നല്‍കിയെങ്കിലും ഇപ്പോള്‍ 79% മാത്രം ബാക്കി”, ”ഐഒഎസ് 26 ഫോണിനെ വെറുമൊരു കട്ടയാക്കി” എന്നിങ്ങനെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ നിറയുന്നു.

ജൂണില്‍ നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫ്രന്‍സിലാണ് അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഈ ആഴ്ച മുതലാണ് അത് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. അതേസമയം, പരാതികളോട് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍ അപ്‌ഡേറ്റുകളിലും സമാന പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും പിന്നീട് ചിലത് സ്വയം പരിഹരിക്കപ്പെട്ടിരുന്നു.