Culture

ഡാന്‍സ് ബാറുകളില്‍ പരിശോധന; ബംഗളൂരുവില്‍ 32 സ്ത്രീകളെ രക്ഷപ്പെടുത്തി

By chandrika

July 06, 2018

ബംഗളൂരു: ഡാന്‍സ് ബാറുകളില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെ 32 സ്ത്രീകളെ രക്ഷപ്പെടുത്തി. നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന രാത്രികാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് ഇന്ദിരാനഗറിലെ ഒരു പബില്‍ നിന്ന് സ്ത്രീകളെ രക്ഷപ്പെടുത്തിയത്. അല്‍പവസ്ത്ര ധാരികളായി അശ്ലീല ചേഷ്ഠകളുമായി ഇടപാടുകാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് പബുകളില്‍ ഇവരെ ഉപയോഗിച്ചിരുന്നത്.

പി.എസ്.ഐ അരുണ്‍ സാലങ്കെയുടെയും കോണ്‍സ്റ്റബിള്‍ മുരളിയുടെയും നേതൃത്വത്തിലുള്ള ജീവന്‍ഭേമ നഗര്‍ സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. മാംഗോ ട്രീ ബിസ്‌ട്രോ ബാറില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി അല്‍പവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന സ്ത്രീകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് 32 സ്ത്രീകളെ പൊലീസ് മോചിപ്പിച്ചത്. പബ് ഉടമസ്ഥനും മാനേജര്‍ക്കുമെതിരെ കേസെടുത്തു. സ്ത്രീകളെ മദ്യം വിളമ്പുകാരായാണ് ജോലിക്കെടുത്തിട്ടുള്ളതെന്നും എന്നാല്‍ അവര്‍ സ്ത്രീകളെ നഗ്‌നരാക്കി നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദേ്യാഗസ്ഥന്‍ പറഞ്ഞു. ഡാന്‍സ് ബാറുകള്‍ക്കെതിരെ ധാരാളം പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗരത്തിലെ നിയമവിരുദ്ധമായ ഡാന്‍സ് ബാറുകളില്‍ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ മുതല്‍ ആരംഭിച്ച പരിശോധനക്കിടെ ധാരാളം ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്.