ലക്നൗ: ഹാത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. പൊലീസ് എതിര്‍പ്പ് വകവെക്കാതെയാണ് ആസാദ് ഹാത്രസിലെത്തിയത്. കുടുംബാംഗങ്ങളെ നേരില്‍ കണ്ട ഭീം ആര്‍മി തലവന്‍, അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണം. സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും, ആസാദ് പറഞ്ഞു. നടി കങ്കണക്ക് വരെ വൈ പ്ലസ് സുരക്ഷയുണ്ട് പിന്നെന്തുകൊണ്ട് ഇവര്‍ക്ക് പാടിലെന്നും ആസാദ് ചോദിച്ചു. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ 11 മണിയോടെ ഹാത്രസ് പെണ്‍കുട്ടിയുടെ വീട്ടിലെത്താനായിരുന്നു ഭീം ആര്‍മി തലവന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് പൊലീസ് ഭീം ആര്‍മി സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു ആസാദും സംഘവും.
Be the first to write a comment.