ന്യൂഡല്‍ഹി: തടവുപുള്ളികള്‍ ജയില്‍ചാടിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടുമായി പ്രതിപക്ഷ കക്ഷികള്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നടപടിയെ ബി.ജെ.പി ന്യായീകരിച്ചു.
കോണ്‍ഗ്രസും സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയുമാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഏതു സാഹചര്യത്തിലാണ് ജയില്‍പ്പുള്ളികള്‍ തടവു ചാടിയതെന്ന് അറിയേണ്ടതുണ്ടെന്നും സംഭവത്തിലെ സത്യം ജനത്തിന് ബോധ്യമാവേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു.

അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് തടവു ചാടിയതെങ്ങനെ, സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ കൊല്ലപ്പെട്ടതെങ്ങനെ? എന്നതു കൂടി അറിയേണ്ടതുണ്ടെന്ന് മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി കൂടിയായ കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരം ലഭിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മറ്റൊരു പാര്‍ട്ടി നേതാവ് മനീഷ് തിവാരിയുടെ പ്രതികരണം.

അവര്‍ ജയില്‍ ചാടിയതാണോ അതോ മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം അവരെ പോകാന്‍ അനുവദിച്ചതാണോ എന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിങിന്റെ ചോദ്യം. ഏറ്റുമുട്ടല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ ആരോപിച്ചു. ജയില്‍ ചാടിയ എല്ലാവരും ഒരേ സ്ഥലത്തു വെച്ച് കൊല്ലപ്പെട്ടത് എങ്ങനെയാണ് എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക ലാംബയുടെ ചോദ്യം.
സംഭവത്തില്‍ അതീവ ദുരൂഹതയുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പൊലീസും സംസ്ഥാന സര്‍ക്കാറും നല്‍കുന്ന മൊഴികളില്‍ വൈരുധ്യമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കോണ്‍ഗ്രസ് തീവ്രവാദികള്‍ക്കു വേണ്ടി യുദ്ധം ചെയ്യുകയാണ് എന്നായിരുന്നു ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവുവിന്റെ പ്രതികരണം. ഇത്തരം വ്യക്തികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് എന്തിനു വേണ്ടിയാണ് സംസാരിക്കുന്നത് എന്നതറിയില്ല. ഏറ്റുമുട്ടലിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല. കോണ്‍ഗ്രസ് എല്ലാ കാലത്തും അതു ചെയ്തിട്ടുണ്ട്- അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദ് ഖാലിദ് അഹമ്മദിന്റെ അഭിഭാഷകന്‍ തഹവ്വുര്‍ ഖാനും പറഞ്ഞു. സിമി ക്യാമ്പ് കേസിന്റെ നിലയനുസരിച്ച് ഖാലിദിന് അനുകൂല വിധി ലഭിക്കുമെന്ന് വ്യക്തമായിരുന്നു. വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെ തടവു ചാടില്ലെന്നും തഹവ്വുര്‍ ഖാന്‍ പറഞ്ഞു.ജയിലില്‍നിന്ന് രക്ഷപ്പെടേണ്ട ഒരു സാഹചര്യവും ഖാലിദിന് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കുടുംബവുമായി ആലോചിച്ച് നിഷ്പക്ഷ അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.