വാഷിങ്ടന്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് സ്ഥാനമുറപ്പിച്ചതായി സൂചന. വൈറ്റ് ഹൗസിലെ പുത്തന്‍ സംഭവവികാസങ്ങള്‍ അത്തരമൊരു സാഹചര്യത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ബൈഡന്റെ സ്‌റ്റേറ്റായ ഡെലവെയറിലേക്ക് കൂടുതല്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാരെ നിയോഗിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡെലവെയറിലെ വില്‍മിങ്ടനിലേക്കാണ് യുഎസ്എസ്എസ് ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നത്. ബൈഡന്‍ സ്വന്തം നാടായ ഡെലവെയറിലെ വില്‍മിങ്ടനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണു റിപ്പോര്‍ട്ട്. വലിയ തുറന്ന സ്‌റ്റേജും മറ്റും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

ഡോണള്‍ഡ് ട്രംപിനെ മറികടന്ന് പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ബൈഡന്‍ മുന്നേറ്റം ആരംഭിച്ചതോടെയാണ് പുതിയ നീക്കം. ബൈഡന്റെ വസതിയുടെ പരിസരത്ത് വിമാനങ്ങള്‍ പറക്കുന്നത് ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള നീക്കവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇതോടൊപ്പം കൂടുതല്‍ വ്യോമസുരക്ഷയും മേഖലയില്‍ ഉറപ്പാക്കിയതായി സീക്രട്ട് സര്‍വീസുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ വ്യക്തമാക്കി.

എന്നാല്‍ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നതാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അല്‍പം വൈകിയെന്നു മാത്രം. തിരഞ്ഞെടുപ്പു ദിവസം രാത്രി പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കുന്നതു പതിവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്ത്രപരമായ നിലപാടാണ് യുഎസ്എസ്എസ് സ്വീകരിക്കാറുള്ളത്. തിരഞ്ഞെടുപ്പില്‍ പക്ഷം പിടിക്കുന്നെന്നു തോന്നിപ്പിക്കാതിരിക്കാന്‍ കൂടിയാണിത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു നല്‍കുന്നതല്ലാത്ത വിധം ഉയര്‍ന്ന സുരക്ഷയും ബൈഡന് ഉറപ്പാക്കുന്നുണ്ട്.

അതേസമയം, പെന്‍സില്‍വാനിയ അടക്കം നാല് നിര്‍ണായ സംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് ഉയര്‍ത്തി. പെന്‍സില്‍ വാനിയയില്‍ ലീഡ് 19,000 കടന്നു. പെന്‍സില്‍വാനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും.

2016 ല്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍ വാനിയ. 20 ഇലക്ടറല്‍ വോട്ടാണ് പെന്‍സില്‍വാനിയയില്‍ ഉള്ളത്. ജോര്‍ജിയയില്‍ 4266, അരിസോണ 38455 എന്നിങ്ങനെയാണ് ബൈഡന്റെ ലീഡ്. 15 ഇലക്ടറല്‍ വോട്ടുള്ള നോര്‍ത്ത് കരോലിനയില്‍ മാത്രമാണ് ട്രംപ് മുന്നിലുള്ളത്.

കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഡെമോക്രാറ്റുകള്‍ ജയിക്കാത്ത ജോര്‍ജിയയിലും ബൈഡന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു. ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചതായി സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ബൈഡന്‍ വിജയിച്ചെന്ന് കരുതേണ്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.