News

എ.ഐ ഓഹരികളില്‍ വന്‍ ഇടിവ്: നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടം

By webdesk18

November 09, 2025

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. കഴിഞ്ഞ ആഴ്ച ലക്ഷക്കണക്കിന് എ.ഐ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം നേരിട്ടതോടെ യു.എസ് ഓഹരി വിപണിയിലെ എ.ഐ തരംഗം മന്ദഗതിയിലായി.

കഴിഞ്ഞ മാസങ്ങളിലായി കുതിച്ചുചാട്ടം നടത്തിയ എ.ഐ ഓഹരികള്‍ പെട്ടെന്നുതന്നെ തകര്‍ന്നടിഞ്ഞു. കോര്‍വീവ് ഓഹരി വില 44 ശതമാനവും, സൂപ്പര്‍ മൈക്രോ കമ്പ്യൂട്ടര്‍ 40 ശതമാനവും, സോഫ്റ്റ് ബാങ്ക് 22 ശതമാനത്തിലേറെയും താഴ്ന്നു. ക്ലൗഡ് അടിസ്ഥാന സൗകര്യ ബിസിനസ്സ് ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനുശേഷം ഓറാക്കിളിന്റെ ഓഹരി വിലയും കഴിഞ്ഞ ആഴ്ച ഒമ്പത് ശതമാനം ഇടിഞ്ഞു. ഈ വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍നിന്ന് 31 ശതമാനം താഴെയാണ് നിലവിലെ വ്യാപാരം.

എ.ഐ ഭീമന്മാരായ എന്‍വിഡിയ, ടെസ്ല, മെറ്റ പ്ലാറ്റ്‌ഫോംസ് തുടങ്ങിയവയുടെ ഓഹരികളും കൂട്ടവില്‍പനയില്‍ തകര്‍ന്നു. ഇവിടെയുള്ള ഇടിവ് നാല് മുതല്‍ ഒമ്പത് ശതമാനം വരെയായിരുന്നു.

പലന്റിര്‍ ടെക്‌നോളജീസ് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിപണിയിലെ ഈ വന്‍ വില്‍പന. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫലം രേഖപ്പെടുത്തിയിട്ടും കമ്പനിയുടെ ഓഹരി വില ചൊവ്വാഴ്ച എട്ട് ശതമാനം ഇടിഞ്ഞു. ഓഹരി വില അമിതമായി ഉയര്‍ന്നതായും വിപണി ബുബിള്‍ രൂപത്തിലായതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേസമയം, എ.ഐ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് യു.എസ് സര്‍ക്കാര്‍ ഉറപ്പില്‍ വായ്പ നേടാന്‍ ആലോചിക്കുന്നതായി ഓപ്പണ്‍ എ.ഐയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സാറ ഫ്രിയര്‍ വെളിപ്പെടുത്തിയതോടെ വിപണി പ്രതികൂലമായി പ്രതികരിച്ചു. 2029 വരെ നീളുന്ന വന്‍ നിക്ഷേപ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന സൂചനയാണ് നിക്ഷേപകരെ കൂടുതല്‍ ആശങ്കയിലാക്കിയത്.