പാറ്റന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത മറനീക്കി പുറത്തേക്ക്. സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് മുന്നണി വിട്ട് ഒറ്റക്ക് മത്സരിക്കുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി. 143 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാനാണ് എല്‍ജെപി തീരുമാനം. ജെഡിയു നേതാവ് നിതീഷ് കുമാറുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നവരുമായി കഴിഞ്ഞ ദിവസം ചിരാഗ് പാസ്വാന്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്നാണ് എല്‍ജെപി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. അതേസമയം ദേശീയ തലത്തില്‍ ബിജെപി സഖ്യം തുടരുമെന്ന് എല്‍ജെപി വ്യക്തമാക്കി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വെള്ളപ്പൊക്കം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍, സംസ്ഥാനത്തെ തൊഴിലില്ലായ്മ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ നിതീഷ് കുമാര്‍ പരാജയപ്പെട്ടതായാണ് എല്‍.ജെ.പിയുടെ പ്രധാന ആരോപണം. ഇതിനെതുടര്‍ന്ന് ഉടലെടുത്ത ഭിന്നതയാണ് സഖ്യത്തിനൊപ്പം മത്സരിക്കേണ്ടെന്ന നിലപാടില്‍ എല്‍ജെപിയെ എത്തിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് പങ്കിടുന്നതിനെ കുറിച്ചുളള തര്‍ക്കമാണ് ഭിന്നത രൂക്ഷമാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.