പട്ന: ബിഹാറില്‍ മകനൊപ്പം ബാങ്കിലേക്ക് പോകുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസുകാരനൊപ്പം നദിയില്‍ തള്ളി. ബിഹാറിലെ ബക്സര്‍ ജില്ലയിലെ ഓജാ ബാരോണ്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.

സമീപത്തെ ബാങ്കിലേക്ക് പോകുന്നതിനിടെയാണ് യുവതിയെയും കുട്ടിയെയും ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ശേഷം യുവതിയെയും അഞ്ച് വയസുകാരനെയും ഒരുമിച്ച് കെട്ടിയിട്ട് നദിയില്‍ തള്ളുകയുമായിരുന്നു.

ഇരുവരുടേയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷക്കെത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാട്ടുകാര്‍ യുവതിയെ രക്ഷിച്ചെങ്കിലും അഞ്ച് വയസുകാരന്‍ മരിച്ചു. കുട്ടിയുടെ പൊസ്റ്റുമോട്ട നടപടികള്‍ പൂര്‍ത്തിയായതായി പൊലീസ് അറിയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഒരാളെ പിടികൂടിയതായും പൊലീസ് പറഞ്ഞു.

അതേസമയം, ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന കൂട്ടബലാത്സംഗവും കൊലപാതകവും സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില അധഃപതിച്ചെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം