തിരുവനന്തപുരം: വാഹനപരിശോധന നടത്തുകയായിരുന്ന എസ്‌ഐയെ ബൈക്കിലെത്തിയവര്‍ ഇടിച്ചുവീഴ്ത്തിയശേഷം കടന്നുകളഞ്ഞു. തലസ്ഥാന നഗരയില്‍ കഠിനംകുളത്താണ് സംഭവം. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ കഠിനംകുളം എസ്‌ഐ രതീഷ് കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ചാന്നാങ്കര ഭാഗത്ത് ജീപ്പ് നിര്‍ത്തി വാഹനം പരിശോധിക്കുന്നതിനിടയിലാണ് സംഭവം. രണ്ടു പേര്‍ സഞ്ചരിച്ച ബൈക്ക് പൊലീസ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ആദ്യം പൊലീസിനെ മറികടന്ന് പോകാന്‍ ശ്രമിച്ചെങ്കിലും പൊലീസ് മുന്നോട്ടു വന്നതോടെ ബൈക്ക് നിര്‍ത്തി. തുടര്‍ന്ന് എസ്‌ഐ വിവരങ്ങള്‍ ചോദിക്കുന്നതിനിടെ ബൈക്ക് ഓടിച്ചിരുന്ന ആള്‍ അമിതവേഗത്തില്‍ ബൈക്ക് മുന്നോട്ടെടുത്തു.

ഇതോടെ ബൈക്കില്‍ പിടിച്ചിരുന്ന എസ്‌ഐ തലയിടിച്ച് റോഡിലേക്കു വീണു. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ കഴക്കൂട്ടത്തും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാക്കള്‍ ചാന്നാങ്കര പാലം വഴി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്.