കോഴിക്കോട്: ശബരിമലയില്‍ ഇനി പോകാന്‍ ആഗ്രഹമില്ലെന്ന് ബിന്ദു അമ്മിണി. നേരത്തെ പോയതില്‍ പശ്ചാതാപമില്ലെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചതല്ല. സംഘപരിവാറിന്റെ അഴിഞ്ഞാട്ടം കണ്ടപ്പോള്‍ സ്ത്രീകളുടെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പോയതാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. സംഘപരിവാര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ട് പരിഹാരമില്ലെന്നും ബിന്ദു അമ്മിണി പറയുന്നു.

മല കയറിയതിന്റെ പേരില്‍ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നു. ദിലീപ് വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ 18 ന് ഫോണില്‍ വധഭീഷണി മുഴക്കി. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണി. പൊലീസ് പരാതി പോലും സ്വീകരിക്കുന്നില്ല. പ്രതികളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ല. പരാതി നല്‍കാന്‍ എത്തിയാല്‍ പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണ്.

അതേസമയം വധഭീഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങും.