ശ്രീനഗര്‍: പി.ഡി.പിയിലെ ആഭ്യന്തര പ്രശ്‌നം മുതലെടുത്ത് ജമ്മു കശ്മീരില്‍ വീണ്ടും അധികാരത്തിലേറാന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പി.ഡി.പിയുടെ വിമത എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രമം. ബി.ജെ.പിക്ക് പിന്തുണ പരസ്യമായി പ്രഖാപിച്ച് വിമുത എം.എല്‍.എമാര്‍ രംഗത്തെത്തിയതോടെ കാര്യങ്ങളുടെ പോക്ക് പി.ഡി.പിയുടെ പിളര്‍പ്പിലേക്കും ജമ്മു കശ്മീരിന്റെ അധികാരം ബി.ജെ.പിയുടെ കൈകളിലേക്കുമാണ്.

കേവല ഭൂരിപക്ഷത്തിന് 44 സീറ്റുകള്‍ വേണ്ട കശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 25ഉം. രണ്ട് എം.എല്‍.എമാരുള്ള പീപ്പിള്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടി ബിജെപിയെ പിന്തുണയ്ക്കും. ഈ സാഹചര്യത്തില്‍ പി.ഡി.പിയില്‍ നിന്നും 17 എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനായാല്‍ ബി.ജെ.പിക്ക് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാം. കശ്മീരിലെ ചെറുകക്ഷികളേയും പിഡിപിയിലെ വിമതരേയും എന്ത് വില നല്‍കിയും ചാക്കിലാക്കി അധികാരം പിടിക്കാന്‍ ബി.ജെ.പി അണിയറയില്‍ ശക്തമായ കരുക്കള്‍ നീക്കുകയാണ്. പിഡിപിയുടെ പതിനെട്ടോളം വിമത എം.എല്‍.എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പി.ഡി.പിയുടെ വിമത എംഎല്‍എമാരില്‍ ഒരാളായ അബ്ദുള്‍ മജീദ് പാഡെര്‍ 28 എം.എല്‍.എമാരില്‍ 18 പേര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു. ഇതോടെ ജമ്മു കശ്മീരില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. പുതിയ ബി.ജെ.പി സര്‍ക്കാര്‍ രൂപികരണത്തിന് ഡല്‍ഹിയിലെ അമിത് ഷായുടെ ഓഫീസില്‍ നിന്നുമുള്ള ഫോണ്‍കോളിന് കാത്തിരിക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍.

കശ്മീരിന്റെ സമാധാനത്തിന് വേണ്ടിയെന്ന പേരില്‍ 2014ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അടുത്തിടെയാണ് ബന്ധം ഉപേക്ഷിച്ചത്. നോമ്പുകാലം അവസാനിച്ചതിന് പിന്നാലെ വെടിനിര്‍ത്താല്‍ റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 19ന് സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയായിരുന്നു. നിലവില്‍ രാഷ്ട്രപതി ഭരണത്തിന്റെ കീഴിലാണ് ജമ്മു കശ്മീര്‍

കശ്മീരില്‍ അധികാരം പിടിക്കാന്‍ പിഡിപിയെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആരോപിച്ചിരുന്നു. പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതാകുമെന്നും മെഹ്ബൂബ താക്കീത് ചെയ്തിരുന്നു.

പി.ഡി.പിയെ പിളര്‍ത്തിയാല്‍ ഇനിയും യാസിന്‍ മാലിക്കിനേയും സലാഹുദ്ദീനേയും പോലുള്ളവര്‍ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രസ്താവിച്ചത്. എന്നാല്‍ മുഫ്തിയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് മെഹ്ബൂബയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചും രംഗത്തെത്തിയിരുന്നു.

അതേസമയം, പിഡിപിയെ പിളര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം തള്ളി ബിജെപി നേതാവ് രാം മാധവ് രംഗത്ത് വരികയും ചെയ്തു. മെഹ്ബൂബ കള്ളം പറയുകയാണ് എന്നും സ്വന്തം പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ പഠിക്കണം എന്നുമാണ് രാം മാധവ് മെഹ്ബൂബ മുഫ്തിക്ക് മറുപടി നല്‍കിയത്.