ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം കൂടി പുറത്തുവന്നതോടെ പ്രതിരോധിക്കാനാവാത്ത അവസ്ഥയിലാണ് ബി.ജെ.പി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഏല്‍ക്കുന്ന തിരിച്ചടി തുടരുന്നുവെന്നതാണ് പുതിയ ഫലം തെളിയിക്കുന്നത്.

ഇന്നലെ പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ലോകസഭയില്‍ ബി.ജെ.പിയുടെ അംഗബലം 273 ആയി കുറഞ്ഞു. 2014ല്‍ അധികാരത്തിലേറുമ്പോള്‍ ബി.ജെ.പിക്ക് 282 സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ 2018ല്‍ എത്തി നില്‍ക്കുമ്പോള്‍ വന്‍ തിരിച്ചടിയാണ് ബി.ജെ.പിക്ക് ഏറ്റിരിക്കുന്നത്.

നാലു വര്‍ഷത്തിനിടെ എട്ടു ലോക്‌സഭാ സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. മോദി അധികാരമേറ്റതിനു ശേഷം നടന്ന 27 ഉപതെരഞ്ഞെടുപ്പുകളില്‍ അഞ്ചു സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി സഖ്യത്തിന് വിജയിക്കാനായത്. ഇതില്‍ 11 സീറ്റുകള്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ഇവയില്‍ ആറിടത്തും ബി.ജെ.പിക്ക് തോല്‍വിയായിരുന്നു ഫലം. ഇന്നലെ പുറത്തുവന്ന നാല് ലോക്‌സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തിലും ബി.ജെ.പിയുടെ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യം പിടിച്ചെടുത്തു.

ഉത്തര്‍പ്രദേശിലെ ഖൈരാനയിലും മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ ലോക്‌സഭാ മണ്ഡലത്തിലുമാണ് ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത്. ഖൈരാനയില്‍ പ്രതിപക്ഷ വിശാലസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ആര്‍.എല്‍.ഡിയിലെ തബസ്സും ഹസന്‍ വിജയിച്ചു. 49,291 വോട്ടിനാണ് തബസ്സുംഹസന്‍ വിജയിച്ചത്.

ബാന്ദ്ര-ഗോണ്ടിയ മണ്ഡലത്തില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി കുകദെ മധുകരാവു യശ്വന്ത് റാവുവാണ് ബി.ജെ.പിയെ മലര്‍ത്തിയടിച്ചത്. നേരത്തെ യു.പിയിലെ ഗോരഖ്പൂരിലും ഫുല്‍പൂരിലും ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.

ലോക്‌സഭാ മണ്ഡലത്തിനു പുറമെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇന്നലെ കനത്ത പരാജയമാണ് ബി.ജെ.പിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.