ഹൈദരാബാദ്: വിദ്വേഷപരമായ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ രാജാ സിങിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ ദബീര്‍പുര പൊലീസാണ് രാജാ സിങിനെതിരെ നടപടി സ്വീകരിച്ചത്. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കണമെന്ന പ്രസ്താവനയിലാണ് രാജാസിങ് പുലിവാലു പിടിച്ചത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഭൈരാഗഡില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് സ്പര്‍ദ്ധ ഉയര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയത്. യൂട്യൂബില്‍ ഇതിന്റെ വീഡിയോ പോസ്റ്റുകയും ചെയ്തു രാജാസിങ്. സംഭവം വൈറലായതോടെ എംഎല്‍എക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തുവന്നു. സമാനരീതിയില്‍ വിവാദ പരാമര്‍ശം നടത്തിയതിന് മുമ്പും ഇയാള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പശുക്കളെ കൊല്ലുന്നവരെയും വന്ദേമാതരം പാടാത്തവരെയും പാകിസ്താനിലേക്ക് അയക്കണമെന്ന പരാമര്‍ശമാണ് മുമ്പ് വിവാദമായത്.