ലക്‌നൗ: താജ്മഹല്‍ മുമ്പ് ശിവക്ഷേത്രമായിരുന്നു എന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. താജ്മഹലിന്റെ പേര് താമസിയാതെ രാംമഹല്‍ എന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബെയ്രിയ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്രസിങ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലത്ത് തന്നെ പുനര്‍നാമകരണം നടത്തും. ആദിത്യനാഥ് ശിവജിയുടെ പിന്‍ഗാമിയാണ്. ശിവാജിയുടെ പിന്‍ഗാമികള്‍ ഉത്തര്‍പ്രദേശില്‍ വന്നിട്ടുണ്ട്. സമര്‍ത് ഗുരു രാംദാസ് ശിവാജിയെ ഇന്ത്യക്ക് നല്‍കിയതുപോലെ, ഗോരഖ്നാഥ് ജി യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശിന് നല്‍കിയെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

ദേശവിരുദ്ധ മനോഭാവമുള്ള ആളുകള്‍ക്ക് ഒരു പരിഗണനയും നല്‍കില്ലെന്നും ഇന്ത്യയുടെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ മാത്രമേ നേതാക്കന്‍മാരാകൂവെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. നേരത്തെയും സുരേന്ദ്ര സിംഗ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ സംസ്‌കാരശീലരായി വളര്‍ത്തിയാല്‍ പീഡനമുണ്ടാകില്ലെന്നാണ് ഹാത്രസ് സംഭവത്തെക്കുറിച്ച് സുരേന്ദ്ര സിങ് പറഞ്ഞത്.