ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരി കാരണം കഴിഞ്ഞ ആറു മാസത്തോളം അടഞ്ഞുകിടന്ന താജ് മഹലും ആഗ്ര കോട്ടയും സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സന്ദര്‍ശകര്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല അതോറിറ്റി നിര്‍ദ്ദേശിച്ചു.

നിലവിലെ സാഹചര്യത്തില്‍ താജ് മഹലില്‍ 5000 സന്ദര്‍ശകരെയും ആഗ്ര ഫോര്‍ട്ടില്‍ 2500 സന്ദര്‍ശകരെയും മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.

താജ് മഹല്‍, ആഗ്ര കോട്ട എന്നിവ കൂടാതെ ലഖ്‌നൗവിലെ ബഡാ ഇമാംബരയും ഛോട്ട ഇമാംബരയും ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നതാണ്. സന്ദര്‍ശകരും ഗൈഡുകളും കോവിഡ് ചട്ടങ്ങള്‍ പാലിക്കേണ്ടതാണ്. സുരക്ഷയുടെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം.

മാര്‍ച്ച് 17നാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്മാരകങ്ങളും അടച്ചിട്ടത്. യുപി സര്‍ക്കാരിന്റെ അണ്‍ലോക്ക് നാലില്‍ ഉള്‍പ്പെടുത്തിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നത്. എറ്റ്മദൗളയുടെ ശവകുടീരം സികന്ദ്ര, ഫത്തേപുര്‍ സിക്രി എന്നിവ സെപ്റ്റംബര്‍ ഒന്നിന് വീണ്ടും തുറന്നിരുന്നു.