ബംഗളൂരു: ദക്ഷിണകന്നഡ ജില്ല കത്തിക്കുമെന്ന ഭീഷണിയുമായി ബി.ജെപി എംപി നളിന്‍ കുമാര്‍ കട്ടില്‍. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിലാണ് എംപിയുടെ തീപ്പൊരി പ്രസംഗം. കര്‍ണാടകയുടെ തീരദേശ ജില്ലയാണ് ദക്ഷിണകന്നഡ.

രണ്ടുമാസം മുമ്പ് കൊല്ലപ്പെട്ട കാര്‍ത്തിക് രാജ് എന്ന ബിജെപി പ്രവര്‍ത്തകന്റെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കനൗജ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച യോഗത്തിലാണ് കട്ടീല്‍ ഭീഷണി മുഴക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങളുടെ നിര്‍ദേശങ്ങള്‍  മംഗളൂരു പൊലീസ് കണക്കിലെടുക്കുന്നില്ല. പത്തുദിവസത്തിനകം പ്രതികളെ പിടികൂടണം. അല്ലെങ്കില്‍ ദക്ഷിണ കര്‍ണാടക കത്തിക്കുമെന്നാണ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞത്.