ചെന്നൈ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയായി കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജപ്രചാരണവുമായി തമിഴ്‌നാട് ബിജെപി. പെണ്‍കുട്ടിയെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നാണ് പ്രചാരണം. ഇത്തരം പ്രചാരണവുമായി കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ത്തര്‍പ്രദേശിലെ ഹത്രാസില്‍ കോണ്‍ഗ്രസ്സ് -കമ്മ്യൂണിസ്റ്റ് കൊലയാളികളാല്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് ബിജെപി കന്യാകുമാരി ജില്ലാ ഘടകം ആദാരാഞ്ജലി അര്‍പ്പിക്കുന്നു.എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ രാജ്യത്താകമാനം യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുമ്പോഴാണ് വ്യാജപ്രചരണവുമായി ബിജെപി എത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പിന്നീട് മാളവ്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു. യോഗി സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായെന്ന് വ്യക്തമായതോടെ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ഇതിനോടകം തന്നെ നിരവധി വ്യാജവാര്‍ത്തകളാണ് ബിജെപി പടച്ചുവിട്ടത്.