തലശ്ശേരി: ക്ഷേത്രപരിസരത്തുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനുനേരെ വാള്‍ വീശിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ധര്‍മ്മടം പൊലീസ് കൈയ്യോടെ പിടികൂടി. മേലൂര്‍ വടക്ക് ശിവശക്തി വീട്ടില്‍ മൂര്‍ക്കോത്ത് ഷിബിനേഷ്(33), വടക്കെയില്‍ ദേവരാജന്‍(29) എന്നിവരാണ് പിടിയിലായത്.

ഷിബിനേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു വടിവാളുകളും ഒരു ഇരുമ്പു ദണ്ഡും കണ്ടെടുത്തു. ഏതാനും ദിവസം മുന്‍പ് മേലൂര്‍ വായന ശാലക്കടുത്തുള്ള ചെഗുവേര ക്ലബ്ബ് അടിച്ചുതകര്‍ത്ത കേസിലെ ഒന്നാം പ്രതിയാണ് ഷിബിനേഷ്. മേലൂര്‍ മുച്ചിലോട്ട് കാവില്‍ വാര്‍ഷിക ഉത്സവം നടക്കുന്നതിനിടെ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചതറിഞ്ഞ് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് സംഭവം.