ന്യൂഡല്‍ഹി: മദ്യ നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസക്കു പിന്നാലെ ജനുവരി 21ന് നടത്താന്‍ ലക്ഷ്യമിട്ട മനുഷ്യച്ചങ്ങലയുടെ നീളം കൂട്ടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യ നിരോധന തീരുമാനത്തിന് ശക്തി പകരാന്‍ ലക്ഷ്യമിട്ടാണ് ജനുവരി 21ന് 5000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ മോദിയുടെ പ്രശംസക്കു പിന്നാലെ ചങ്ങലയുടെ നീളം 11,000 കിലോമീറ്ററാക്കി ഉയര്‍ത്തുകയായിരുന്നു. ഒരു പ്രത്യേക വിഷയത്തെ പിന്തുണച്ച് ലോകത്ത് രൂപപ്പെടുത്തുന്ന ഏറ്റവും വലിയ മനുഷ്യച്ചങ്ങലയാക്കി പരിപാടിയെ മാറ്റാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. പരിപാടിയുടെ സമയം ഇതുവരേയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ടു കോടി ജനങ്ങള്‍ അര മണിക്കൂര്‍ നേരത്തേക്ക് ചങ്ങലയില്‍ ഒരേ സമയം കണ്ണി ചേരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.