ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വികസനവകുപ്പ് സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു. ബീഹാറില്‍ നിന്നുള്ള എന്‍.ഡി.എ ഘടകക്ഷിയായ ലോക്‌സമതാ പാര്‍ട്ടിയുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ. ഇന്ന് നടക്കുന്ന എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുശ്വാഹ അറിയിച്ചു. അതേസമയം വൈകീട്ട് നടക്കുന്ന വിശാല പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ കുശ്വാഹ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബീഹാറിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് കുശ്വാഹ രാജിവെച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.എസ്.പി ബിഹാറില്‍ മൂന്നു സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്‍.ഡി.എയിലേക്ക് തിരിച്ചെത്തിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളുവെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതാണ് എന്‍.ഡി.എ വിടാന്‍ ആര്‍.എല്‍.എസ്.പിയെ പ്രേരിപ്പിച്ചത്.