ക്വറ്റ: പാക്കിസ്താനില്‍ പൊലീസ് മേധാവിയുടെ ഓഫീസിനു സമീപം സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ രാവിലെ പാക്കിസ്ഥാന്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് ആക്രമണം നടന്നത്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഇഹസ്വാന്‍ മെഹബൂബിന്റെ ക്വാര്‍ട്ടേഴ്‌സിനു സമീപത്തായിരുന്നു സ്‌ഫോടനം. ടി.വി ഫൂട്ടേജുകള്‍, വാഹനങ്ങള്‍, റോഡുകള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാക്കിസ്താന്‍ താലിബാനും, ഇസ്‌ലാമിക് തീവ്രവാദികളും ബലൂചിസ്ഥാന്‍ പ്രവിശ്യയെ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഒരു വാഹനത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയതായി പൊലീസ് വക്താവ് ഷഹ്‌സാദ ഫര്‍ഹത് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പരിശോധന തുടരുകയാണെന്ന് പ്രദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് ഓഫീസ്, സര്‍ക്കാര്‍ ഓഫീസുകള്‍, വനിതാ കോളജ്, പട്ടാളക്യാംപ്, എന്നിവ സ്ഥിതി ചെയ്യുന്ന ജിന്ന ചെക്ക്‌പോസ്റ്റിനടുത്താണ് സംഭവം. കൊല്ലപ്പെട്ട 11 പേരില്‍ നാല് പേര്‍ പൊലീസ്-സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് വക്താവ് ഫരീദ് സല്‍മാന്‍ വ്യക്തമാക്കി.