Connect with us

More

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള

Published

on

കെ.പി ജലീല്‍

2009ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയം. തിരുവനന്തപുരത്ത് പതിവു വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഫലം സി.പി.എമ്മിന് എതിരാണല്ലോ എന്ന ചോദ്യത്തിന് ചിരിച്ച ചിരി. അത് ഒരൊന്നൊന്നരം ചിരിയായിരുന്നു. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ചിരി. ആ ചിരിയാണ് സീതാറാം യെച്ചൂരിയും ഡല്‍ഹി എ.കെ.ജി ഭവനിലിരുന്ന് ഇപ്പോള്‍ ചിരിക്കുന്നുണ്ടാവുക! കേരളത്തിലന്ന് യു.ഡി.എഫിന് പതിനാറും എല്‍.ഡി.എഫിന് നാലും സീറ്റുകളാണ് ലഭിച്ചത്. തന്റെ കാലത്തോടെ താന്‍ ചേര്‍ന്നുണ്ടാക്കിയ, തന്നെ ഇപ്പോള്‍ നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടിയുടെ അസ്തമനം കാണാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ വി.എസ്സിനും ഉണ്ടായിരിക്കുന്നു.

‘സി.പി.എം എന്നാല്‍ അത് കേരളപാര്‍ട്ടിയല്ല’ എന്നു പറഞ്ഞത് മറ്റാരെങ്കിലുമല്ല. മുന്‍ ജനറല്‍സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോ അംഗങ്ങളെയും അടുത്തിരുത്തി സി.പി.എമ്മിന്റെ ജനറല്‍സെക്രട്ടറി ഇതു പറഞ്ഞിട്ട് കഷ്ടിച്ച് ആറു ദിവസമേ ആകുന്നുള്ളൂ. ഇരുപത്തിരണ്ടാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായി തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളോട് മറുപടി പറയവെ സീതാറാം യെച്ചൂരി ആവര്‍ത്തിച്ച വാചകമാണ് മേലുദ്ധരിച്ചത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിനാണ് ഇപ്പോള്‍ നൂറില്‍ നൂറ് കൊടുക്കേണ്ടത്.

വടക്കു കിഴക്കേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ ഫലം പുറത്തുവന്നപ്പോള്‍ ശരിക്കുമൊരു കേരള പാര്‍ട്ടിയായിരിക്കുന്നു സി.പി.എം. തങ്ങളുടെ വോട്ടനുപാതം കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നു ശതമാനം മാത്രമേ കുറഞ്ഞിട്ടുള്ളൂവെന്നും ബി.ജെ.പിയിലേക്ക് പോകാത്ത കോണ്‍ഗ്രസിന്റേത് രണ്ടു ശതമാനമായി എന്നൊക്കെ ഇനി ബഡായി പറഞ്ഞ് തടിയൂരുന്നത് മാത്രമാണ് മിച്ചം. മണിക്കിനെ മറിച്ചത് ‘മണി’ യാണെന്ന വാദവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെതന്നെയാണ് തിരിഞ്ഞുകൊത്തുന്നത്.

അറുപതില്‍ നിലവിലെ 50ല്‍ നിന്ന് പതിനേഴുസീറ്റിലേക്കാണ് ത്രിപുരയില്‍ സി.പി.എം ഒതുങ്ങിക്കൂടിയിരിക്കുന്നത്. ബി.ജെ.പി ഇവിടെ 42 സീറ്റ് നേടിയിരിക്കുന്നു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്ന് കണക്കുകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് മണിക്കിന്റെ സര്‍ക്കാര്‍ പ്രതിപക്ഷത്തായിരിക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുള്ളിടത്ത് ബി.ജെ.പി വരില്ലെന്നുള്ള ഗീര്‍വാണങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലാതായിരിക്കുന്നു. ഒരിക്കല്‍ രാജ്യത്ത് പ്രതിപക്ഷ നേതൃപദവി വഹിച്ചിരുന്ന ഒരു കക്ഷിയാണ് പ്രായോഗിക ശൂന്യമായ ആശയഗതികള്‍ കൊണ്ട് തേഞ്ഞുതേഞ്ഞ് പ്രാണനുവേണ്ടി കേഴുന്നതിപ്പോള്‍. ഇടതിന്റെ തോല്‍വി ഇവിടെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഇത്രയും വലിയപ്രഹരം ആ കക്ഷിക്ക് ലഭിക്കുമെന്ന് ബി.ജെ.പിക്കാര്‍ പോലും പ്രതീക്ഷിച്ചുകാണില്ല. ദരിദ്രോന്മുഖമായ പദ്ധതികളും പ്രവര്‍ത്തന രീതിയുമായിരുന്നു മണിക്‌സര്‍ക്കാര്‍ സര്‍ക്കാരില്‍നിന്ന് ജനത്തിന് ലഭിച്ചുകൊണ്ടിരുന്നതെന്ന് പറയുന്നുണ്ടെങ്കിലും യുവാക്കളടങ്ങുന്ന വലിയ വിഭാഗം ജനത ആ പാര്‍ട്ടിയില്‍നിന്ന് അകന്നുതുടങ്ങിയിരുന്നുവെന്നതാണ് നേര്.

ബി.ജെ.പിയുടെ ചരിത്രത്തിലെ വലിയ രാഷ്ട്രീയ അട്ടിമറിയായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. എട്ടംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് ഇവിടെ സംപൂജ്യമായിരിക്കുന്നുവെന്നത് അതിനേക്കാള്‍ വലിയ ഇരുട്ടടിയുമായിരിക്കുന്നു. ആദ്യം തൃണമൂലിലേക്കും പിന്നീട് ബി. ജെ.പിയിലേക്കും ചേക്കേറുകയായിരുന്നു ആ ‘മതേതര’ കോണ്‍ഗ്രസുകാര്‍. മേഘാലയയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമോ എന്ന വേവലാതിയാണിപ്പോഴുള്ളത്.

സി.പി.എം എതിര്‍ത്ത കോണ്‍ഗ്രസിനെ തറപറ്റിച്ച്, മൂന്നിടത്തും കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു. ഇരുപത്തഞ്ചു വര്‍ഷമായി സി.പി.എം ഭരിക്കുന്ന ത്രിപുര, പത്തു വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയ, പതിനെട്ടു കൊല്ലമായി നാഗാപീപ്പിള്‍സ് ഫ്രണ്ട് ഭരിച്ചുകൊണ്ടിരിക്കുന്ന നാഗാലാന്റ് എന്നിവിടങ്ങളിലേക്ക് ഫെബ്രുവരി പതിനെട്ടിനും 27നും നടന്ന തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഇവര്‍ക്കെല്ലാമെതിരെ ബി.ജെ.പി ഭീഷണി ശക്തമായിരുന്നുവെന്ന സൂചനകള്‍ ലഭിച്ചിരുന്നു.

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഈ സാധ്യത കുറേക്കൂടി സ്ഥിരീകരിക്കപ്പെട്ടെങ്കിലും ഇന്നലത്തെ ഫലങ്ങളോടെ കാര്യങ്ങള്‍ വ്യക്തമായിക്കഴിഞ്ഞു. ത്രിപുരയില്‍ അക്കൗണ്ട് തുറന്നപ്പോള്‍തന്നെ മൂന്നില്‍രണ്ട്് ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച കക്ഷി ബി.ജെ.പി അല്ലാതെ വേറെയൊന്നില്ല. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള -94.65 ശതമാനം- സംസ്ഥാനം. 1978-88 ലും പിന്നീട് 93 മുതല്‍ ഇന്നലെവരെയും സി.പി.എം ആണ് ഇവിടെ ഭരിച്ചത്. കേരളത്തിന്റെ ആറിലൊന്നുമാത്രം ജനസംഖ്യയുള്ള – 36.71 ലക്ഷം -രണ്ടു ലോക്‌സഭാംഗങ്ങളുള്ള സംസ്ഥാനം. 1958ല്‍ ആദ്യമായി സായുധ സേനാ പ്രത്യേകാവകാശനിയമം (അഫ്‌സ്പ) ഏര്‍പ്പെടുത്തിയ, എന്നാല്‍ ഇന്ന് ആ നിയമം നിലവിലില്ലാത്ത ഏക വടക്കുകിഴക്കന്‍ സംസ്ഥാനവും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആസാമിലടക്കം മിക്കവാറുമെല്ലായിടത്തും കോണ്‍ഗ്രസായിരുന്നു ഒരു കാലത്തെ മുഖ്യകക്ഷി. ജനങ്ങളും നേതാക്കളും തമ്മിലുണ്ടായിരുന്ന ഇഴയടുപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഏറെക്കുറെ വ്യത്യസ്തവുമായിരുന്നു. ക്രിസ്ത്യന്‍-ഗോത്ര വര്‍ഗങ്ങളുടെയും അതിര്‍ത്തി സംസ്ഥാനങ്ങളുടെയും സവിശേഷമായ ഘടകങ്ങളാണ് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഇവിടെ പിടിച്ചുനിര്‍ത്തിയതെങ്കില്‍ ഇന്ന് വര്‍ധിച്ചുവരുന്ന ശിഥിലീകരണ പ്രവണതകള്‍ ആ പാര്‍ട്ടിയെ അകറ്റുകയും ബി.ജെ.പിക്ക് വഴിതുറന്നുകൊടുത്തിരിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആസാം സന്ദര്‍ശനത്തിനിടെ ഒരിക്കല്‍ നേരിട്ട മുദ്രാവാക്യം ‘ഇന്ത്യന്‍ പട്ടി പുറത്തുപോകുക’ എന്നതായിരുന്നുവെന്ന് ഓര്‍ക്കുക. ആ അന്തരീക്ഷത്തില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ദേശീയ മുഖ്യധാരയില്‍ പിടിച്ചിരുത്തിയ കക്ഷിക്ക് ഇന്ന് അവിടെ വലിയതോതില്‍ പിന്തുണച്ചോര്‍ച്ച സംഭവിച്ചിരിക്കുന്നുവെന്നത് കഴിഞ്ഞ കുറച്ചുകാലമായി രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക വഴിത്തിരിവുകളുടെ കൂടി പ്രതിഫലനമായി കാണണം.

ത്രിപുരയില്‍ സി.പി.എമ്മിന്റെ ഏകാധിപത്യവാഴ്ചക്കും ബി.ജെ.പി ഇപ്പോള്‍ സുല്ലിട്ടിരിക്കുന്നു. നൃപന്‍ ചക്രവര്‍ത്തിയും മണിക്‌സര്‍ക്കാരും ചേര്‍ന്ന് സംസ്ഥാനത്തെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അണിനിരത്തിയ കാലം ഇനി ഓര്‍മ മാത്രമാകുമോ എന്നാണ് പലരും ചോദിക്കുന്നത്. പശ്ചിമ ബംഗാളിലേതിന് തുല്യമായ വിധിയാണ് ത്രിപുരയിലും സംഭവിച്ചിരിക്കുന്നത്. നീണ്ട 34 കൊല്ലമായിരുന്നു ബംഗാളില്‍ സി.പി.എം അടങ്ങുന്ന ഇടതുപക്ഷ മുന്നണിയുടെ ഭരണം. അതില്‍ 23 കൊല്ലത്തോളം ഭരിച്ചതും ജ്യോതിബസു എന്ന പാര്‍ട്ടിയുടെ ഉന്നത നേതാവായിരുന്നു. മധ്യ-തൊഴിലാളി-ന്യൂനപക്ഷാദി വിഭാഗങ്ങളെ കൂടി നിര്‍ത്തിയതായിരുന്നു ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് നേട്ടമായതെങ്കിലും ന്യൂനപക്ഷങ്ങളെയൊഴികെ തൊഴിലാളി വര്‍ഗത്തിന്റെ കാര്യം പറഞ്ഞായിരുന്നു സി.പി.എമ്മിന്റെ കേരള പിന്തുടര്‍ച്ച. എന്നാല്‍ ഇനി കേരള പാര്‍ട്ടി മാത്രമായി സി.പി.എം ചുരുങ്ങുമോ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയും?

കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 91 സീറ്റുകളെടുത്താല്‍ അതില്‍തന്നെ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സി.പി.എമ്മിനില്ല. വെറും 58 സീറ്റ് മാത്രമാണ് 140ല്‍ സി.പി.എമ്മിനുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടും ശതമാനവും സി.പി.എമ്മിനാണെന്ന ്‌സമ്മതിക്കുമ്പോള്‍ വലിയ തോതിലുള്ള വോട്ടു ചോര്‍ച്ച ആ പാര്‍ട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. പാലക്കാട് പോലെ ഉരുക്കുകോട്ടയായി നിലനിന്നയിടത്ത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി, മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പിയാണ് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഇവിടെ രണ്ടാം കക്ഷിയായിരുന്നത്. പാലക്കാട്ടെ നഗരസഭയില്‍ കേരളത്തിലാദ്യമായി കോണ്‍ഗ്രസ് വിരോധംമൂലം ബി.ജെ.പിക്ക് ഭരണത്തിന് അവസരം നല്‍കിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയുടെ രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനവും പാലക്കാട്ടെ ഭരണകക്ഷി പിടിച്ചെടുത്തിരിക്കുമ്പോള്‍ ഇനിയെന്താണ് അണികളുടെ മുമ്പില്‍വെക്കാന്‍ സി.പി.എമ്മിന് ബാക്കിയുള്ളത്.

2004ല്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍-61-സീറ്റുകള്‍ നേടിയ പാര്‍ട്ടിയാണ ്‌സി.പി.എം എന്നതോര്‍ക്കണം. ഒന്നാം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചത് വഴി രാജ്യത്തിനും ആ പാര്‍ട്ടിക്കുമുണ്ടായ നേട്ടം ആര്‍ക്കും മറച്ചുവെക്കാനാകില്ല. എന്നാല്‍ 2009 മുതല്‍ ഇന്നുവരെയും ബി.ജെ.പിക്ക് തുല്യമായ കോണ്‍ഗ്രസ് വിരോധം പ്രസംഗിച്ചുകൊണ്ടുനടക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സ്വന്തം മണ്ണില്‍നിന്ന് വേരിളകിപ്പോയിക്കൊണ്ടിരിക്കുന്നത് കണ്ട ഭാവം പോലുമില്ല.
കോണ്‍ഗ്രസ് വിരോധത്താല്‍ കേരളത്തില്‍ കണ്ണ് മഞ്ഞളിച്ചതാണ് കാരണം. അല്ലെങ്കില്‍ നവസാമ്പത്തിക നയവും ഫാസിസവും രണ്ടും രണ്ടല്ലെന്ന് വിളിച്ചുപറയാന്‍ തൃശൂര്‍ തേക്കിന്‍കാട്ടിലെ സെമിനാര്‍ വേദിയില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെങ്ങനെ കഴിഞ്ഞു? ഫാസിസം ഇനിയും രാജ്യത്തെത്തിയിട്ടില്ലെന്നു പറയുന്നതും ഇതേ നേതാവാണ്.

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ബി.ജെ.പിയുമായി ചേര്‍ന്ന് പാര്‍ലമെന്റിലും പുറത്തും സി.പി.എമ്മും ഇടതുപക്ഷ കക്ഷികളും നടത്തിയ നീക്കങ്ങള്‍ ഇന്നും അവര്‍ അതേപടി കൊണ്ടുനടക്കുന്നത് നഗ്നമായ വര്‍ഗീയത തന്നെയാണ്. മത ന്യൂനപക്ഷങ്ങള്‍ക്കും മതേതരവാദികള്‍ക്കും അത്താണിയാകുമെന്നവകാശപ്പെടുന്നൊരു പാര്‍ട്ടി പശ്ചിമ ബംഗാളില്‍ ന്യൂനപക്ഷങ്ങളെയും കര്‍ഷകരെയും കുത്തക മുതലാളിയായ റ്റാറ്റക്കുവേണ്ടി വെടിവെച്ചുകൊന്നത് നോക്കുമ്പോള്‍ ത്രിപുരയിലും കേരളത്തിലും സമാനമായത് സംഭവിച്ചു കാണുന്നില്ലെന്ന് പറയാമെങ്കിലും ഫാസിസത്തെ ധൃതരാഷ്ട്രാംലിംഗനം നടത്താന്‍ തയ്യാറായിരിക്കുന്ന ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് കോണ്‍ഗ്രസോ സി.പി.എമ്മോ ഇടതു-ന്യൂനപക്ഷ പാര്‍ട്ടികളോ സംഘടനകളോ ഒന്നും അവര്‍ക്ക് വിഷയമല്ലാതായിരിക്കുന്നു. ഹിറ്റ്‌ലറുടെ സമ്മേളനങ്ങള്‍ക്ക് ലഭിച്ച ആള്‍ക്കൂട്ട പിന്തുണയാണ് ഇപ്പോള്‍ ഓര്‍മവരുന്നത്. ഇതൊരു അതിരുകവിഞ്ഞൊഴുക്കാണ്. അതിന് തടയിടാന്‍ സി.പി. എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന് കൂട്ടിയാല്‍കൂടില്ല.

ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ധാരണ സംബന്ധിച്ച 55-31 കേന്ദ്ര കമ്മിറ്റി അനുപാതം ത്രിപുരയുടെ ഫലത്തോടെ മാറിമറിയുമെന്നാണ് മതേതര വിശ്വാസികളുടെ ഇനിയുള്ള പ്രതീക്ഷ. അതുപോലുമില്ലെങ്കില്‍ നഷ്ടം മതേതര ഇന്ത്യക്ക് മാത്രമല്ല, ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുകൂടിയായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending