ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് പുതിയ ആര്‍18 ക്ലാസിക് സൂപ്പര്‍ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന് 24 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ഈ ബൈക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി നിര്‍മാതാക്കള്‍ അറിയിച്ചു.

ക്രൂയിസര്‍ ബൈക്ക് ശ്രേണിയില്‍ ബി.എം.ഡബ്ല്യുവിന്റെ മികച്ച മോഡലായ ആര്‍18 കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ ബൈക്കിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് ആര്‍18 ക്ലാസിക്കും ഈ നിരത്തുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. നിരത്തുകളില്‍ എത്തിയിട്ടുള്ള ഏറ്റവും മികച്ച ടൂറിങ്ങ് ക്രൂയിസര്‍ ബൈക്കാണ് ബി.എം.ഡബ്ല്യു ആര്‍18 ക്ലാസിക് എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

ബി.എം.ഡബ്ല്യു ആര്‍18 ക്ലാസിക്കില്‍ നല്‍കിയിട്ടുള്ള മികച്ച സ്‌റ്റൈലിങ്ങും റൈഡിങ്ങ് എക്സ്പീരിയന്‍സും ഇന്ത്യയിലെ ഇരുചക്ര വാഹന പ്രേമികളെ കൂടുതല്‍ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.
കാലാതീതമായ രൂപകല്‍പ്പനയും അത്യാധുനിക സാങ്കേതികവിദ്യയും ഈ ബൈക്കിന്റെ പ്രത്യേകതയാണ്. വലിയ വിന്‍ഡ് സ്‌ക്രീന്‍, പാസഞ്ചര്‍ സീറ്റ്, സാഡില്‍ ബാഗുകള്‍, എല്‍.ഇ.ഡി. ഹെഡ്ലൈറ്റുകള്‍, 16 ഇഞ്ച് വലിപ്പമുള്ള മുന്നിലെ വീല്‍ തുടങ്ങിയവയാണ് ഈ ക്രൂയിസര്‍ ബൈക്കില്‍ വരുത്തിയിട്ടുള്ള ഡീസൈന്‍ ഹൈലൈറ്റുകള്‍.

ബി.എം.ഡബ്ല്യു ഇതുവരെ വികസിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ഡിസ്പ്ലേസ്മെന്റ് ബോക്സര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ബി.എസ്.6 നിലവാരത്തിലുള്ള 1802 സി.സി. എന്‍ജിനാണ് ആര്‍18-ന്റെ കരുത്ത്. ഇത് 89.84 ബി.എച്ച.പി.പവറും 158 എന്‍.എം.ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്സ്. 345 കിലോഗ്രാമാണ് ഈ ബൈക്കിന്റെ ഭാരം.