കാലം വ്യക്തി വര്‍ത്തമാനം
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഫിംഗര്‍ ബുക്‌സ്. 90രൂപ

എഴുത്തിന്റെയും ഇടപെടലിന്റെയും ചില സന്ദര്‍ഭങ്ങളില്‍ ജീര്‍ണ്ണത തുണയായി മാറും. കാരണം മൂല്യങ്ങളെ വീണ്ടും വിശകലനം ചെയ്യാനും പുനര്‍നിര്‍മ്മിക്കാനുമുള്ള അവസരം അത് ഉണ്ടാക്കുന്നു. സാംസ്‌കാരിക ജീര്‍ണ്ണതയ്ക്കും ചില കാരണങ്ങളുണ്ട്. ചരിത്രവും വര്‍ത്തമാനവും അതില്‍ നിര്‍ണ്ണായക കണ്ണികളായി മാറാം. അതുകൊണ്ട് മാറുന്ന ലോകത്തിന്റെ മസ്തിഷ്‌കമായി ഭാവിയെ രൂപപ്പെടുത്തുന്ന ചില ശക്തികളെ ചരിത്രം രൂപപ്പെടുത്താറുണ്ട്. ആത്മനിഷ്ഠമായ ഇടപെടലിന്റെ കരുത്തായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എഴുത്തുകാരുടെ നിരയില്‍ നമ്മുടെ സാംസ്‌കാരിക രംഗത്ത് നവീന ഭാവുകത്വം തീര്‍ക്കുന്ന ഒമ്പത് ചിന്താശീലരുടെ വാക്കും മനസ്സുമാണ് കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ കാലം വ്യക്തി വര്‍ത്തമാനം എന്ന പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത്.
‘എഴുത്തുകാരന്റെ ധാരണകള്‍ യാഥാര്‍ത്ഥ്യത്തിന്റെ പകര്‍ച്ചകളും യാഥാര്‍ത്ഥ്യത്തിന്റെ നേരെ വിമര്‍ശനപരവും സൗന്ദര്യബോധപരവുമായ നിലപാട് എടുക്കുതുമാണ്.’ എന്നിങ്ങനെ കെ.പി അപ്പന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അത് ലക്ഷ്യം വെക്കുന്നത് യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള സ്വപ്നദര്‍ശനമാണ്. രാഷ്ട്രീയം, സാഹിത്യം, വിമര്‍ശനം തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകളാണ് ഈ കൃതിയിലെ സംഭാഷണങ്ങളില്‍ വിശദാംശങ്ങളോടെ പ്രത്യക്ഷപ്പെടുന്നത്.
ജീവിതത്തിന്റെ അടയാളങ്ങള്‍ മറക്കുകയും സൈദ്ധാന്തിക നിര്‍മ്മിതികളായി മലയാളനിരൂപണം ചുരുങ്ങുന്ന വര്‍ത്തമാനകാലത്ത,് ജീവിതദര്‍ശനത്തിന്റെയും ആസ്വാദനത്തിന്റെയും നിരീക്ഷണത്തിന്റെയും ആവിര്‍ഭാവത്തെ ഉണര്‍ത്തിയെടുക്കുന്ന, ഭാവി സാധ്യതയുടെ അനുഭവമാക്കി വാക്കുകളെ മാറ്റിപ്പണിയുന്ന ചിന്തകരുടെ വാക്കും വഴിയും കാഴ്ചപ്പാടും മലയാളിയുടെ ഏതൊരു ആലോചനയിലും വായനയിലും വിഷയമാവുമെന്ന് വിശ്വസിക്കുന്നു.
ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നിവയുടെ അറിവിലേക്കുള്ള സഞ്ചാരഭൂമികയാണ് ഈ പുസ്തകം. പ്രൊഫ. എം. എന്‍ വിജയന്‍, പി. ഗോവിന്ദപിള്ള, പ്രൊഫ. എം. കൃഷ്ണന്‍ നായര്‍, പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍, പ്രൊഫ. കെ. പി അപ്പന്‍ പ്രൊഫ. എം. കെ സാനു, ഡോ. എം. ഗംഗാധരന്‍, ഡോ. എം. എന്‍ കാരശ്ശേരി, ഡോ. വി. രാജകൃഷ്ണന്‍ എന്നിവരുടെയും വാക്കും മനസ്സുമാണ് ഈ സംഭാഷണങ്ങളില്‍. സാംസ്‌കാരികരംഗം ഇടപെടല്‍ കൊണ്ടും ആലോചനകള്‍കൊണ്ടും നിറയ്ക്കാനുള്ള ഉത്തരവാദിത്തം ഈ ചിന്തകര്‍/വിമര്‍ശകര്‍ ഏറ്റെടുക്കുന്നു. അതുകൊണ്ട് ചരിത്രത്തിലേക്കും ഭാവിയിലേക്കുമുള്ള വീണ്ടു വിചാരത്തിന്റെ ഉള്ളുണര്‍ത്തലുകള്‍ക്കാണ് ‘കാലം വ്യക്തി വര്‍ത്തമാനം’ ഇടം നല്‍കുന്നത്.
പ്രശസ്തരായവ്യക്തികള്‍ അവരുടെ വാക്കുകളില്‍ അരിയപ്പെടുകയ മാത്രമല്ല, അവര്‍ നമ്മുടെ മുമ്പില്‍ ഇരുന്ന് സംസാരിക്കുന്ന പ്രീതിയുണ്ടാക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.എം എന്‍ വിജയന്‍ സ്വാതന്ത്ര്യസമരകാലത്തെ വിലയിരുത്തുന്നു:’ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്ത് ഭക്ഷണത്തിന് ദാരിദ്ര്യമുണ്ട്. വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും ദാരിദ്ര്യമുണ്ട്. പക്ഷേ, ആവേശത്തിന് മാത്രം ക്ഷാമമുണ്ടായിരുന്നില്ല. അങ്ങനെയൊരു കാലം ഇന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. വിശപ്പ് അന്ന് സാഹിത്യത്തിന്റെ വിഷയമാണ്. മനുഷ്യന്റെ വിഷയവുമാണ്. ഇന്ന് വിശപ്പ് സാഹിത്യത്തിന്റെ വിഷയമല്ല. അതിന് മറ്റ് പ്രശ്‌നങ്ങളുണ്ട്. നാല്‍പ്പത്തിയേഴിന് മുമ്പ് സ്വാതന്ത്ര്യം എന്നുള്ളത് ഒരു ഏകോപനശക്തിയായിരുന്നു. അതായത് വ്യത്യാസങ്ങള്‍ ഓര്‍ക്കുക എന്നല്ല, വ്യത്യാസം മറക്കുക എന്നുള്ളതാണ് അന്നത്തെ സാമാന്യമായ മനോഭാവം. കേരളചരിത്രരചനയെപ്പറ്റി പി.ഗോവിന്ദപിള്ളയുടെ നിരീക്ഷണം: ‘അക്കാദമിക് ചരിത്രം എന്ന പേരില്‍ അറിയപ്പെടുന്ന ചരിത്രത്തിന്റെ സവിശേഷത എന്ത് എന്നത് എനിക്ക് കൃത്യമായി മനസ്സിലായിട്ടില്ല. അക്കാദമിക് രീതിയില്‍ ശ്രീധരമേനോനും മറ്റും എഴുതിവന്ന പഠനപുസ്തകങ്ങളില്‍ ചിലത് ഞാന്‍ കണ്ടിട്ടുണ്ട്. അവയാണ് മാതൃകയെങ്കില്‍ ആധുനിക ചരിത്രരചനയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്.’ മലയാളനിരൂപണത്തെ എം കൃഷ്ണന്‍ നായര്‍ ചൊടിപ്പിച്ചുണര്‍ത്തിയത് നോക്കുക:’ആത്മവഞ്ചനയും ബഹുജനവഞ്ചനയും ഒരുമിച്ചു നടത്തുന്ന കേരളത്തിലെ നിരൂപകരും വിമര്‍ശകരും മൂല്യനിര്‍ണ്ണയത്തിന്റെ പേരില്‍ മാലിന്യത്തിന്റെയും പരസ്യത്തിന്റെയും തിന്മകള്‍ക്ക് അടിമപ്പെട്ടു, ദാസ്യവേല ചെയ്യുന്ന ഒരു കൂട്ടം അവസരവാദികളായി മാറിയെന്ന് പറയുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.’ ഇങ്ങനെ മലയാളികളെ വര്‍ത്തമാനകാലത്തിന്റെ അവസ്ഥകളിലേക്ക് കൂടി നയിക്കുന്ന ഭാവികാല പ്രവചനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നലെയുടെ വാക്കുകള്‍ ഇന്നിന്റെ കണ്ണാടിയായി മാറുന്നു. അതിനാല്‍ സാംസ്‌കാരിക പാഠാന്തരത്തിന്റെ മിന്നിമറിയലുകളില്‍ മനസ്സു ചേര്‍ക്കുന്ന വായനക്കാര്‍ക്ക് ‘കാലം വ്യക്തി വര്‍ത്തമാനം’ എന്ന പുസ്തകം സഹായകമാകും.