ലണ്ടന്‍: കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് സ്തംഭിച്ചിരുന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രവര്‍ത്തനം രണ്ടാം ദിവസവും താളം തെറ്റി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് പൂര്‍ണ തോതില്‍ എത്താന്‍ ഇനിയും സമയമെടുക്കാമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു. അടുത്ത ദിവസവും പല സര്‍വീസുകളും റദ്ദാക്കാനും വൈകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹീത്രുവിലും ഗാറ്റ്‌വിക്കിലും നിരവധി സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി. കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയത്. യാത്ര റദ്ദാക്കേണ്ടിവന്നവര്‍ക്ക് പണം തിരികെ നല്‍കുമെന്നും വീണ്ടും ബുക്കു ചെയ്യാന്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടില്‍ ബ്രിട്ടീഷ് എയര്‍വേസ് യാത്രക്കാരോട് മാപ്പ് പറഞ്ഞു. ഐടി സിസ്റ്റത്തില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതാകാം പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നു. ഹീത്രു വിമാനത്താവളത്തില്‍ യാത്രക്കാരുടെ ആയരിക്കണക്കിന് ബാഗുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവ തിരിച്ചുവാങ്ങാന്‍ നേരിട്ടു വരേണ്ടതില്ലെന്നും കസ്റ്റമേഴ്‌സിന് നേരിട്ട് എത്തിക്കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു. യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ബ്രിട്ടീഷ് എയര്‍വേസ് ഭക്ഷണവും വെള്ളവും നല്‍കി.