ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍, ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയവ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനേല്‍പ്പിച്ച ആഘാതം ലഘൂകരിക്കുന്ന നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാമ്പത്തിക രംഗത്തിന് തിരിച്ചടിയേല്‍പ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയത്. രാജ്യമെങ്ങും നിലനില്‍ക്കുന്ന കര്‍ഷക രോഷം തണുപ്പിക്കാനും ആരോഗ്യ മേഖല, ഗതാഗത മേഖല തുടങ്ങിയവക്ക് ഊര്‍ജം പകരാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക, മിസോറം, ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഏറെക്കുറെ പൂര്‍ണമായും പ്രതിഫലിച്ചത്. രാജ്യമെങ്ങുമുള്ള കാര്‍ഷിക വിപണികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുക, ഗ്രാമീണ മേഖലകളിലേക്ക് ജലസേചനം, അക്വാകള്‍ച്ചര്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ കൊണ്ടുവരിക, കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജം വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.

കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ശക്തി പമ്പ്‌സ്, ജെയ്ന്‍ ഇറിഗേഷന്‍സ്, കെ.സി.ബി പമ്പ്‌സ്, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ്, അവന്തി ഫീഡ്‌സ്, വാട്ടര്‍ബേസ് തുടങ്ങിയ കമ്പനികള്‍ക്ക് ഇതിലൂടെ നേട്ടമുണ്ടാകും.

രാജ്യത്തെ 10 കോടി കൂടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ആരോഗ്യ പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം. പുതിയ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വരെയുള്ള ആസ്പത്രി ചികിത്സ സൗജന്യമായി നേടാന്‍ കഴിയും. പ്രതിമാസം 30,000 രൂപയില്‍ കുറവ് വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നാണ് ജെയ്റ്റ്‌ലിയുടെ അവകാശവാദം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയും പുതിയ ബജറ്റിലുണ്ട്.