മലേഷ്യയില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞ് പാമ്പ് പിടുത്തക്കാരന്‍ കൊല്ലപ്പെട്ടു. മുപ്പത്തിയഞ്ചുക്കാരനായ സെയിം ഖാലിസ് കോസ്‌നനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാമ്പുപിടുത്തക്കാരാനായ ഖാലിസ് 3.5 മീറ്റര്‍ വലിപ്പമുള്ള പെരുമ്പാമ്പിനെ വില്‍ക്കാനായി കഴുത്തില്‍ ചുറ്റി ബൈക്ക് യാത്രക്കിടെയാണ് മരണപ്പെട്ടത്. യാത്രക്കിടെ ഖാലിസിനെ പാമ്പ് ചുറ്റിവരിയാന്‍ തുടങ്ങിയതോടെ ബൈക്കില്‍ നിന്നും താഴെ വീഴുകയും തുടര്‍ന്ന് നിലത്തുവീണ ഖാലിസിനെ പാമ്പ് വീണ്ടും വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

പാമ്പ് ചുറ്റിവരിഞ്ഞ നിലയില്‍ റോഡരുകിലിലായാണ് ഇയാളുടെ മൃതദേഹം കണ്ടത്. ജനക്കൂട്ടം പാമ്പിനെ കൊന്ന് ഖാലിസിനെ മോചിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇതിനു മുമ്പും പാമ്പിനെ വില്‍ക്കാന്‍ ഇയാള്‍ ഇതുപോലെ കൊണ്ടുപോയിട്ടുണ്ടെന്ന് സഹോദരി ഭര്‍ത്താവ് പറയുന്നു. പാമ്പിന്റെ തലയില്‍ നിന്നുള്ള പിടുത്തം അയഞ്ഞുപോയതുകൊണ്ടാകാം അപകടം സംഭവിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.