ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുവേണ്ടി മത്സരിക്കില്ലെന്ന് നടി മഞ്ജുവാര്യര്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ മാന്നാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. മഞ്ജുവാര്യര്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുവേണ്ടി മത്സരിക്കുമെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.

നേരത്തെ, മഞ്ജുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളി സി.പി.എം നേതൃത്വം രംഗത്തെത്തിയിരുന്നു. താരപരിവേഷമുള്ളവരെ മത്സരിപ്പിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് വിഷയത്തില്‍ മഞ്ജുവാര്യറുടെ പ്രതികരണം എത്തുന്നത്.