india

വെടിവെപ്പിന് പിന്നാലെ സംഭലില്‍ യോഗി സര്‍ക്കാറിന്റെ ബുര്‍ഡോസര്‍ രാജും; വീടുകളും കടകളും ഇടിച്ചുനിരത്തി

By webdesk18

December 15, 2024

ലഖ്‌നോ: സംഭലില്‍ വെടിവെപ്പിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ബുര്‍ഡോസര്‍ രാജും. വീടുകളുടെയും കടകളുടെയും മുന്‍ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കാന്‍ ആരംഭിച്ചു. ശാഹി മസ്ജിദ് പരിസര പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കുകയും അനധികൃത വൈദ്യുതി കണക്ഷന്‍ കണ്ടെത്തുകയുമാണ് ലക്ഷ്യമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ന്യായീകരണം.

ശാഹി ജമാ മസ്ജിദിനു പരിസര പ്രദേശത്തെ വീടുകളുടെയും കടകളുടെയും മുന്‍വശമാണ് അനധികൃതമായി കൈയ്യേറിയെന്ന് ആരോപിച്ച് ബുള്‍ഡോസറിന്റെ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നത്. സമാജ്വാദി പാര്‍ട്ടി എം.പി സിയാഉറഹ്മാന്‍ ബര്‍ഖിന്റെ വീടിനോട് ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രദേശം. സംഭാലിലെ സംഘര്‍ഷത്തിന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടിയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് വിമര്‍ശനങ്ങളൊന്നും കണക്കിലെടുക്കാതൊണ് യോഗി സര്‍ക്കാറിന്റെ പേക്കൂത്ത്. സ്വത്തുകള്‍ ഇടിച്ചുനിരത്തുന്നതിന് സര്‍ക്കാറുകള്‍ക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു കഴിഞ്ഞമാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാറും ബന്ധപ്പെട്ട അതോറിറ്റിയും ജുഡീഷ്യറിക്ക് പകരമാകാനാവില്ലെന്നും നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിനീയ കാര്യമല്ലെന്നും ജഡ്ജിമാരായ ബി.ആര്‍. ഗവായി, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയതാണ്.

നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്തുവകകളോ തകര്‍ക്കാന്‍ പാടില്ലെന്നും അത്തരത്തില്‍ സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അര്‍ഹതയുണ്ടായിരിക്കും. നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിച്ചാണ് ഒഴിപ്പിക്കുന്നതെന്നാണ് ജില്ല ഭരണകൂടത്തിന്റെ നിലപാട്. ഞായറാഴ്ച രാവിലെ പ്രദേശത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണെന്ന് പറഞ്ഞാണ് അധികൃതര്‍ നടപടി ആരംഭിച്ചത്.

നവംബര്‍ 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സര്‍വേക്കിടെയാണ് പ്രദേശത്ത് സംഘര്‍ഷം ആരംഭിക്കുന്നതും പൊലീസിന്റെ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുന്നതും.