ബസ്ചാര്‍ജ് വര്‍ധന അപര്യാപ്തമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യബസ്സുകളുടെ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. എന്നാല്‍ ബസുകള്‍ പണിമുടക്ക് തുടങ്ങിയ കാര്യം അറിയിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.
എന്നാല്‍ യഥാസമയം പണിമുടക്ക് വിവരം മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ബസ് ഉടമകള്‍ പറയുന്നു. രണ്ടാം ദിവസവും സമരം തുടരാനാണ് ബസുടമകളുടെ തീരുമാനം. ബസ്‌സമരം ഗ്രാമപ്രദേശങ്ങളെ കാര്യമായി ബാധിച്ചു.
14,000 ബസുകളാണ് നിരത്തുകളിലിറങ്ങാതെ മാറിനിന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സാന്നിധ്യം താരതമ്യേന കുറവുള്ള മലബാര്‍ മേഖലയില്‍ ഇതു രൂക്ഷമായ യാത്രാക്ലേശത്തിന് ഇടയാക്കി. സര്‍ക്കാര്‍ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമെല്ലാം ബസ് പണിമുടക്ക് ബാധിച്ചു.
പണിമുടക്കിന് മുന്‍പായി സാധാരണഗതിയില്‍ ബസുടമകള്‍ ഗതാഗതവകുപ്പിന് നോട്ടീസ് നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ നോട്ടീസ് നല്‍കിയില്ലെന്നാണ് സര്‍ക്കാര്‍ വാദം. നിരക്ക് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം പരിഗണിച്ചാണ് മിനിമം നിരക്ക് ഉയര്‍ത്തിയത്. ബസുടമകളെയും യാത്രക്കാരെയും കെ.എസ്.ആര്‍.ടി.സിയെയും പരിഗണിച്ചാണ് നിരക്കുയര്‍ത്തിയത്. ബസുടമകള്‍ക്ക് എപ്പോഴും തന്നെ വന്ന് കാണാം. സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഒരുവിഭാഗം ബസുടമകള്‍ വൈകുന്നേരം ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ഇവരെ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ഉയര്‍ത്താതെയുളള ബസ് ചാര്‍ജ് വര്‍ധന തൃപ്തികരമല്ലെന്നാണ് ബസുടമകളുടെ നിലപാട്.
1.30 ലക്ഷം വിദ്യാര്‍ത്ഥികളെയാണ് കെ.എസ്.ആര്‍.ടി.സി പ്രതിദിനം കൊണ്ടുപോകുന്നത്. ഇതിന്റെ പലമടങ്ങാണ് സ്വകാര്യബസുകളെ ആശ്രയിക്കുന്നതെന്നും ബസുടമകള്‍ പറയുന്നു. 14ന് സര്‍ക്കാര്‍ ഏകപക്ഷീയമായാണ് നിരക്ക് ഭേദഗതി പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാനാകില്ല. ചര്‍ച്ചക്ക് വിളിക്കും വരെ സമരം തുടരുമെന്നും ഇവര്‍ പറയുന്നു.