ആലപ്പുഴ: കേരളമല്ല ഏത് സംസ്ഥാനം എതിര്‍ത്താലും കശാപ്പ് വിലക്ക് നടപ്പാക്കുമെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്ദപ്പ ജിഗാജിനാഗി. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ”കേരളമല്ല, ഏത് സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. പശു ഞങ്ങളുടെ ദൈവമാണ്”- കേന്ദ്ര സഹമന്ത്രി പറഞ്ഞു.

കശാപ്പ് വിലക്ക് വിജ്ഞാപനത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ തുടരവെയാണ് കേന്ദ്ര മന്ത്രിയുടെ പരസ്യ പ്രസ്താവന പുറത്തുവരുന്നത്. കേരളത്തിന് പുറമെ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും വിജ്ഞാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമാണിതെന്ന് വരെ പുതിയ വിജ്ഞാപനം വിലയിരുത്തപ്പെട്ടു.
വിജ്ഞാപനം കേരളത്തില്‍ നടപ്പാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ തേടി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. കശാപ്പ് വിലക്ക് വിജ്ഞാപനത്തെ ശക്തിയുക്തം എതിര്‍ത്ത സംസ്ഥാനമെന്ന നിലക്കാണ് കേരളത്തെ പേരെടുത്തു പരാമര്‍ശിച്ച് കേന്ദ്ര മന്ത്രി പ്രസ്താവന നടത്തിയത്.