തേഞ്ഞിപ്പലം : ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു. സര്‍വകലാശാല ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് സര്‍വകലാശാലകളുടെ അധിപനായ ചാന്‍സലര്‍ പോലുമറിയാതെ 95 കോടിയിലധികം രൂപ സര്‍ക്കാര്‍ കൈക്കലാക്കിയത്.

സര്‍വകലാശാല ഭൂമിയില്‍ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം വരണമെങ്കില്‍ പോലും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറാണ് . എ.ജി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പോലും സര്‍വകലാശാല ഭൂമി കൈമാറിയ വകയില്‍ ലഭിച്ച 95 കോടിയിലധികം രൂപ സര്‍വകലാശാല ഫണ്ടില്‍ തന്നെ നിക്ഷേപിക്കണമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ഭരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണ് പണം നഷ്ടപ്പെട്ടതെന്നും എ.ജി വിലയിരുത്തിയിരുന്നു. എന്നാല്‍ സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കേറ്റംഗങ്ങളും 95 കോടിയിലധികം രൂപ സര്‍ക്കാര്‍ ഫണ്ടില്‍ എത്തിക്കുന്നതിന് പാര്‍ട്ടി തലത്തില്‍ ഒത്തുകളിച്ച് സര്‍ക്കാര്‍ ഖജനാവില്‍ കോടികളെത്തിക്കുന്നതിനു സൗകര്യമൊരുക്കുകയായിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനെന്ന കാരണം തുഛമായ വിലക്ക് ഭൂമി സര്‍വകലാശാലക്ക് കൈമാറിയ പൂര്‍വികരുടെ ആഗ്രഹങ്ങള്‍ക്ക് നേര്‍ വിപരീതമായാണ് ഭൂമി വിറ്റ കോടികള്‍ സര്‍വകലാശാല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതെ പിണറായി സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ ഭരിക്കുന്ന ഇടതര്‍ മുഴുവന്‍ ഒത്താശയും ചെയ്തു കൊടുത്തത്.

95 കോടിയുടെ കാര്യത്തില്‍ സര്‍ക്കാരിന് സര്‍വകലാശാല ക്കാവശ്യമായ പ്രൊജക്റ്റ് നല്‍കിയാല്‍ ഫണ്ട് അനുവദിക്കുമെന്നായിരുന്നു വൈസ് ചാന്‍സലറുടെയും രജിസ്ട്രാറുകയും സിന്‍ഡിക്കേറ്റംഗങ്ങളുടെയും പ്രചാരണം. എന്നാല്‍ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനുള്ള ഇടതരുടെ പ്രചാരണങ്ങള്‍ മാത്രമായിരുന്നു ഇത്. സര്‍വകലാശാലക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം കൂടി ഇല്ലാതായാല്‍ കോടികളുടെ വരുമാനമാണ് കുറയുന്നത്. ഇപ്പോള്‍ തന്നെ നാക്ക് സന്ദര്‍ശനത്തിന്റെ പേരില്‍ യാതൊരു പരിശോധനകളൊന്നുമില്ലാത്ത ഏഴു കോടിയിലധികം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍വകലാശാല ഭൂമി എന്‍.എച്ചിന് കൈമാറിയ വകയില്‍ കിട്ടിയ 95 കോടിയിലധികം രൂപ രാഷ്ട്രീയഭക്തി കാണിച്ച് സര്‍ക്കാരിന് കൈമാറിയ സര്‍വകലാശാല ഭരിക്കുന്നവരുടെ നടപടിക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാലല്ലാതെ സര്‍ക്കാരില്‍ നിന്ന് 95 കോടിയില്‍ നിന്ന് ഒരു നയാ പൈസയും സര്‍വകലാശാലക്ക് ഇനിയൊരിക്കലും ലഭിക്കില്ല. മലബാറിലെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്പെടുത്തേണ്ട 95 കോടിയിലധികം രൂപയടങ്ങുന്ന സര്‍വകലാശാല ഫണ്ട് കൊള്ളയടിച്ച സര്‍ക്കാര്‍ സര്‍വകലാശാലയുടെ ഭരണ കാര്യങ്ങളില്‍ ഇടപെട്ട കാര്യത്തില്‍ സി.പി.എം, ഡി.വൈ. എഫ്.ഐ, എസ്.എഫ്.ഐ സംഘടനകള്‍ ഒന്നും കണ്ടില്ലെന്ന മട്ടില്‍ മൗനത്തിലാണ്.