തിരുവനന്തപുരം: ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ചു മരിച്ചു. എസ്.ഫ്രാന്‍സിസ് ആണു മരിച്ചത്. അതേസമയം, കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്തഫയാണ് അറസ്റ്റിലായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസര്‍ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റിനു നിര്‍ദേശം നല്‍കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന 5 ജില്ലകളില്‍ പോളിങ് 60 ശതമാനം കടന്നു. പോളിങ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. തിരുവനന്തപുരത്താണു താരതമ്യേന കുറവ്.

കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്‌ക്കുമായെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി. കൊറ്റങ്കര പഞ്ചായത്ത് കോളശ്ശേരി വാര്‍ഡില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം പതിച്ച മാസ്‌ക്കുമായാണ് പ്രിസൈഡിങ് ഓഫിസര്‍ ബൂത്തിലിരുന്നത്. യുഡിഎഫ് പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥയെ മാറ്റി. കൊട്ടാരക്കര മൂലംകുഴി ബൂത്തിലെ പോളിങ് ഓഫിസറെയും മദ്യപിച്ച് ബഹളംവച്ചതിനെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6,911 വാര്‍ഡുകളിലേക്കാണു തെരഞ്ഞെടുപ്പ്; 24,584 സ്ഥാനാര്‍ഥികള്‍. കൊല്ലം പന്മന പഞ്ചായത്തിലെ 2 വാര്‍ഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഓരോ സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനാല്‍ വോട്ടെടുപ്പ് മാറ്റി.