ഉത്തര്‍പ്രദേശ്: ദളിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് കുടുംബത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇടിച്ച കാര്‍ നിര്‍ത്താതെ അക്രമി രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സമീപഗ്രാമത്തിലുള്ള യുവാവാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം വാഹനാപകടമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനാണ് അപകടം ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.