ചെന്നൈ: തമിഴ് നടന്‍മാരായ സൂര്യയും, ശരത്കുമാറുമുള്‍പ്പെടെ എട്ടു പേര്‍ക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് നടന്‍മാരായ സൂര്യ, ശരത്കുമാര്‍, സത്യരാജ്, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ചേരന്‍, വിജയ്കുമാര്‍ എന്നിവര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. റൊസാരിയോ മരിയാ സൂസൈ എന്ന മാധ്യമപ്രവര്‍ത്തകനാണ് താരങ്ങള്‍ക്കെതിരെ കോടതിയിലെത്തിയത്.

sarathkumar4-11-1491902624

മാധ്യമപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്. 2009-ലാണ് സംഭവം. തമിഴ് സിനിമാമേഖലയിലെ മോശം പ്രവണതയെക്കുറിച്ച് തമിഴ് പത്രത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. പിന്നീട് ഇതിനെചുറ്റിപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴാണ് നടന്‍മാര്‍ വെട്ടിലായത്. മാധ്യമപ്രവര്‍ത്തകന്‍ കോടതിയെ സമീപിക്കുകയും കേസില്‍ നിരവധി തവണ നടന്‍മാരോട് കോടതി ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ആരും ഹാജരായില്ല. തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി താരങ്ങള്‍ക്കെതിരെ ഇപ്പോള്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രമുഖ സിനിമാ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.