ചെന്നൈ: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ തൂത്തുക്കുടിയില്‍ എത്തിയതിനാണ് നടനെതിരെ കേസെടുത്തത്.

നിരോധനാജ്ഞ ലംഘിച്ച് പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ചുവെന്നതാണ് പൊലീസ് കേസ്. തൂത്തുക്കുടി ജനറല്‍ ആസ്പത്രിയില്‍ എത്തി വെടിവെപ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് സര്‍ക്കാറിനെതിരെ കമല്‍ഹാസന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

വെടിവെപ്പിന് ആരാണ് ഉത്തരവിട്ടതെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഇത് തന്റെ മാത്രം ആവശ്യമില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സമരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും ആവശ്യമാണ്.

നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഈ വ്യവസായം അടച്ചുപൂട്ടിയേ തീരുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.
അതേസമയം, പൊലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.