kerala

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്‌

By webdesk14

June 18, 2024

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി ഇടപാടു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടല്‍ എംഎല്‍എയുടെ ഹര്‍ജിയിലാണ് നടപടി. സിഎംആര്‍എല്‍ ഉള്‍പ്പെടെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ നടപടി. കേസിൽ ആത്മവിശ്വാസ കുറവില്ല. തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.

ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടൽ ആരോപിച്ചിരുന്നത്. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരെ എതിര്‍കക്ഷികളാക്കിയാണ് കുഴൽനാടൻ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നത്.