മാഡ്രിഡ്: കാറ്റലോണിയ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി സ്‌പെയിന്‍. കാറ്റലോണിയന്‍ മേഖലക്കുണ്ടായിരുന്ന സ്വയം ഭരണാവകാശം എടുത്തുകളഞ്ഞ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ്, കാറ്റലോണിയന്‍ ഭരണകൂടത്തെ പിരിച്ചുവിടുകയും ചെയ്തു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പ്രസിഡണ്ട് കാര്‍ലസ് പുഗ്ഡിമണ്ട് അടക്കമുള്ള നേതാക്കള്‍ക്കെതിരെ കലാപമുണ്ടാക്കിയത് കേസെടുക്കാന്‍ സ്പാനിഷ് പ്രൊസിക്യൂട്ടര്‍ ഓഫീസ് തീരുമാനിച്ചു. 30 വര്‍ഷം വരെ ജയിലിലടക്കപ്പെടാവുന്നതാണ് ഈ കുറ്റം.

ബാര്‍സലോണ അടക്കമുള്ള വടക്കുകിഴക്കന്‍ മേഖലയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്ത സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ്, ഡിസംബര്‍ 21-ന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്നും അതുവരെ കാറ്റലോണിയയുടെ ഭരണം മാഡ്രിഡിന്റെ കൈവശമായിരിക്കുമെന്നും വ്യക്തമാക്കി. അതേസമയം, കാറ്റലന്‍ നേതാക്കളെയും പ്രക്ഷോഭകാരികളെയും അറസ്റ്റ് ചെയ്യാന്‍ നീക്കമില്ലെന്നാണറിയുന്നത്.

പതിറ്റാണ്ടുകള്‍ നീണ്ട സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് സ്‌പെയിനിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഓഹരി വിപണിയില്‍ സ്‌പെയിനിന് വന്‍ തിരിച്ചടി നേരിട്ടു. അതേസമയം, കാറ്റലോണിയയുടെ ഭരണം നേരിട്ട് ഏറ്റെടുക്കുക എന്നത് മാഡ്രിഡ് ആഗ്രഹിക്കുന്നത്ര എളുപ്പം നടക്കില്ലെന്നാണറിയുന്നത്. പൊലീസ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന മേഖലകളുടെ നിയന്ത്രണം കാറ്റലന്‍ ഭരണകൂടത്തിനാണ്. കാറ്റലോണിയ പൊലീസിലെ വലിയൊരു വിഭാഗമായ മൊസോസ് എസ്‌ക്വാഡ്ര സ്വാതന്ത്ര്യത്തിന് അനുകൂലവുമാണ്. മാഡ്രിഡിലെ ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കില്ലെന്നും കാറ്റലോണിയന്‍ ഭരണകൂടത്തിനെതിരെ നീങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വെള്ളിയാഴ്ച നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനം ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ കാറ്റലോണിയക്കും കടമ്പകളേറെ കടക്കാനുണ്ട്. യൂറോപ്യന്‍ യൂണിയനും അമേരിക്കയുമടക്കമുള്ള വന്‍ ശക്തികള്‍ സ്‌പെയിനിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കാറ്റലന്‍ വിഷയം സ്‌പെയിനിന്റെ ആഭ്യന്തര കാര്യമാണെന്നും ഒക്ടോബര്‍ ഒന്നിലെ ഹിതപരിശോധന നിയമവിരുദ്ധമാണെന്ന സ്‌പെയിനിന്റെ നിലപാടിനെ പിന്തുണക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.