കണ്ണൂര്‍: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജുല്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്കെതിരെ സിറ്റി പോലീസാണ് കേസെടുത്തത്. പൊതുസ്ഥലത്ത് കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്തുടനീളം വിവിധ സംഘടനകള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. അതിനിടെ പരസ്യമായി മാടിനെ അറുത്ത് വിതരണം ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. പരസ്യമായി കശാപ്പ് നടത്തുന്നത് കാട്ടാളത്തമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

ശനിയാഴ്ച വൈകീട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാളക്കുട്ടിയെ അറുത്തത്. കണ്ണൂര്‍ സിറ്റിയിലെ റോഡില്‍ നിര്‍ത്തിയിട്ട മിനിലോറിയില്‍ കയറ്റിനിര്‍ത്തിയാണ് കശാപ്പ് നടത്തിയത്. തുടര്‍ന്ന് കൂടിനിന്നവര്‍ക്കായി ഇറച്ചി വിതരണം ചെയ്യുകയായിരുന്നു. വിതരണം യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനംചെയ്തു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന മോദി സര്‍ക്കാരിനെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നും ആര്‍.എസ്.എസ്. അജന്‍ഡ ഇവിടെ വിലപ്പോവില്ലെന്നും ഇറച്ചി വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. മജിസ്ട്രേട്ടില്‍നിന്ന് അനുമതി നേടിയശേഷമാണ് സംഭവത്തില്‍ പോലീസ് നടപടിയെടുത്തിട്ടുള്ളത്.